ദത്ത് വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു തിരുവനന്തപുരത്ത് എത്തിച്ചത് കഴിഞ്ഞ ദിവസമാണ്.
എന്നാൽ, കുഞ്ഞിനെ തിരിച്ചെത്തിച്ചതോടെ വിഷയത്തിൽ രണ്ട് തട്ടിലാണ് സോഷ്യൽ മീഡിയ.
കുഞ്ഞിനെ ഒരുവർഷമായി പൊന്നുപോലെ വളർത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്കൊപ്പമാണ് ഭൂരിഭാഗം പേരും. അഞ്ജു പാർവതി എഴുതിയ കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
പെറ്റമ്മയ്ക്കൊപ്പം നില്ക്കാനനുവദിക്കാതെ എന്റെ മനസ്സ് ആദ്യമായി പോറ്റമ്മയ്ക്കൊപ്പം കൂടിയത് “എന്റെ മാമ്മാട്ടുകുട്ടിയമ്മയ്ക്ക് ” എന്ന സിനിമ കണ്ടപ്പോഴായിരുന്നു.
വിവാഹത്തിനു മുന്നേ മേഴ്സിയ്ക്ക് കാമുകനിൽ ജനിച്ച കുഞ്ഞിനെ മേഴ്സിയ്ക്ക് അനാഥാലയത്തിൽ എല്പിക്കേണ്ടി വരുന്നു.
പിന്നീട് അലക്സിന്റെ ഭാര്യയായി മേഴ്സി മാറിയെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെയോർത്തുള്ള മാനസികവ്യഥയിൽ അവർ മനോരോഗിയായി മാറുന്നു.
ഒരു ബോട്ടപകടത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട വിനോദ് -സേതു ദമ്പതികൾ അനാഥാലയത്തിലെത്തുന്നതും പിന്നീട് ടിന്റുവെന്ന മാലാഖക്കുഞ്ഞിന്റെ എല്ലാമെല്ലാമാകുന്നതും പിന്നീട് മേഴ്സിയുടെ തീരാവ്യഥ മനസ്സിലാക്കുന്ന സേതുവെന്ന പോറ്റമ്മ ടിന്റുവിനെ പെറ്റമ്മയ്ക്ക് നല്കുന്നതുമായിരുന്നു സിനിമയുടെ പ്ലോട്ട് .
എപ്പോഴൊക്കെ ആ സിനിമ കണ്ടാലും മനസ്സ് ചേർന്നു നില്ക്കുക സേതുവെന്ന ആ പോറ്റമ്മയ്ക്കൊപ്പവും വിനോദെന്ന പോറ്റച്ഛനൊപ്പവുമായിരുന്നു.
ഒരിക്കൽ പോലും മേഴ്സിയോട് ഐക്യപ്പെടുവാനേ സാധിച്ചിരുന്നില്ല. നാല്പതു വർഷം മുമ്പുളള കഥാസന്ദർഭമായിരുന്നിട്ടു കൂടി , മേഴ്സി തെറ്റുകാരിയല്ലെന്നു കഥയിലുടനീളം കാണിച്ചിട്ടുണ്ടെങ്കിൽ കൂടി ( മെഡിസിനു പഠിക്കുകയായിരുന്ന അവരുടെ കാമുകൻ അപകടത്തിൽ മരിക്കുകയാണ് ) ടിന്റു സേതുവിന്റെ കുഞ്ഞായി തീരണമെന്നു തോന്നാൻ കാരണം അവർ ആ അനാഥ കുഞ്ഞിനു നല്കുന്ന സ്നേഹവും തണലും സുരക്ഷിതത്വവും കണ്ടിട്ടായിരുന്നു.
പേരന്റിംഗ് എന്നാൽ കേവലം പ്രസവിച്ചിടൽ മാത്രമല്ലെന്നും അത് ഒരു മഹത്തായ ഉത്തരവാദിത്വം തന്നെയാണെന്നും സേതുവും വിനോദും സിനിമയിലുടനീളം അടയാളപ്പെടുത്തിയിരുന്നു.
ഇന്ന് വീണ്ടും മനസ്സ് സേതുവിനും വിനോദിനുമൊപ്പം പോയത് ചാനലിലെ ആ വാർത്ത കണ്ടപ്പോഴായിരുന്നു. ആന്ധ്രയിലെ ആ അദ്ധ്യാപക ദമ്പതികൾക്ക് സേതുവിന്റെയും വിനോദിന്റെയും മുഖമാണ് എനിക്ക് സങ്കല്പിക്കാൻ കഴിയുന്നത്.
ആ കുഞ്ഞിന് ടിന്റുവിന്റെ മുഖവും. അവരിൽ നിന്നും ആ കുഞ്ഞിനെ പറിച്ചെടുത്തപ്പോൾ അവൻ നൊന്തുപിടഞ്ഞിട്ടുണ്ടാവണം.
ടിന്റുവിനെ പോലെ അമ്മേ അമ്മേയെന്നു സേതുവിനെ നോക്കി വിളിച്ചു കരയാൻ തക്ക പ്രായം അവനില്ലെങ്കിലും ഉള്ളാലെ ആ കുഞ്ഞ് എത്രയോ വട്ടം കരഞ്ഞിട്ടുണ്ടാവണം തീർച്ച!
ടിന്റുവിന്റെ കരച്ചിൽ കേട്ട് ഉള്ളുലഞ്ഞ് പിടയുമെങ്കിലും ആ ചിത്രത്തിൽ സേതു ഭർത്താവിനോട് ഒടുവിൽ പറയുന്ന ഒരു വാചകമുണ്ട് – ഇപ്പോഴവൾ കരഞ്ഞാലും വലുതാവുമ്പോൾ അവൾ നമ്മളെയോർത്ത് നന്ദിയോടെ ചിരിക്കുമെന്ന് .
കാരണം അവൾക്ക് നല്കുന്നത് അവളുടെ പെറ്റമ്മയെ ആണെന്ന് . “ശരിയാണ് ! സിനിമയുടെ അവസാന ഭാഗത്ത് നീറിപ്പിടഞ്ഞിരിക്കുന്ന നമ്മൾ പ്രേക്ഷകരും സേതുവിന്റെ ആ വാചകം കേൾക്കുമ്പോൾ തെല്ല് ആശ്വസിക്കും.
കാരണം മേഴ്സിയെന്ന പെറ്റമ്മയുടെ മനോരോഗം മാറുമ്പോൾ ടിന്റുവിന് അവളുടെ സ്വന്തം അമ്മയെ കിട്ടും. മേഴ്സിയെ സ്നേഹിക്കുന്ന , മനസ്സിലാക്കുന്ന അലക്സിന് ടിന്റുവിനെ മകളെ പോലെ സ്നേഹിക്കാനും കഴിഞ്ഞേക്കും. ! അത് സിനിമയിലെ മേഴ്സിയും അലക്സും
പക്ഷേ അവരെ പോലെയല്ല അനുപമയും ആ കള്ളത്താടിയും .
രണ്ടു വട്ടം വിവാഹിതനായ കാമുകനല്ല അലക്സ് . ഒരു കുടുംബം നശിപ്പിച്ച് പ്രണയം തേടിപ്പിടിച്ചതുമല്ല മേഴ്സി.
എന്നാൽ ഇവിടെ അങ്ങനെയല്ല . രണ്ടു വട്ടം വിവാഹിതനായ ഒരു കള്ളത്താടിയെ എല്ലാമറിഞ്ഞു പ്രണയിച്ച ഒരു പെൺകുട്ടി . ( അതിനെയൊക്കെ പ്രണയമെന്നു വിളിക്കാമോ ആവോ ?) .
ആദ്യഭാര്യയെയും അതിലുള്ള രണ്ട് കുട്ടികളെയും കളഞ്ഞ് പിന്നീട് കൂട്ടുകാരന്റെ ഭാര്യയെ അടിച്ചു മാറ്റി കല്യാണം കഴിച്ച സഖാവ്. ആ സഖാവ് കൂടെയുള്ള സഖാത്തിയെ പ്രണയിക്കുന്നു.
ഗർഭിണിയാക്കുന്നു. അവൾ പ്രസവിച്ചെന്നറിഞ്ഞിട്ടും കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നറിഞ്ഞിട്ടും ആറേഴ് മാസം നിശബ്ദനായിട്ടിരിക്കുന്നു.
പിന്നീട് രണ്ടാം ഭാര്യയെ ഉപേക്ഷിച്ച ശേഷം മൂന്നാമത് കാമുകിയെ കെട്ടിയ ശേഷം മാതൃത്വവും പിതൃത്വവും ഉണരുന്നു.
കേരളമേ ലജ്ജിക്കൂ എന്ന പ്ലക്കാർഡുമായി നില്ക്കുന്നു. അവരെ അലക്സും മേഴ്സിയുമായി താരതമ്യം ചെയ്താൽ അഭ്രപാളികളിലെ ആ കഥാപാത്രങ്ങൾ ഇറങ്ങി വന്ന് എന്നെ തല്ലും.
ശരിക്കും കേരളം ലജ്ജിക്കുന്നത് ഇപ്പോഴാണ് . ഇവിടുത്തെ ഫേക്ക് പ്രബുദ്ധതയോർത്ത് ;
ഇവിടുത്തെ നാറിയ നിയമസംവിധാനത്തെയോർത്ത് ഒക്കെ ലജ്ജിക്കുന്നു. ഇനിയും അമ്മത്തൊട്ടിലുകളിൽ കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടും. പക്ഷേ ഇനി ആ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആളുകൾ ഭയപ്പെട്ടേക്കും.
കാരണം സ്വന്തമെന്നു കരുതി ചേർത്തണച്ച് വളർത്തി തുടങ്ങുമ്പോ ഇനിയും പ്ലക്കാർഡുമായി ആരെങ്കിലും വന്നാൽ ,അതുവരെ അനുഭവിച്ചിരുന്ന മാതൃത്വത്തെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ആരെങ്കിലും മിനക്കെട്ടാൽ നഷ്ടം അങ്ങനെ വരുന്നവർക്കല്ലല്ലോ ദത്തെടുക്കുന്ന മാതാപിതാക്കന്മാർക്ക് മാത്രമല്ലേ !
മനസ്സും പ്രാർത്ഥനകളും ആന്ധ്രയിലെ അറിയാത്ത ആ പോറ്റമ്മയ്ക്കും പോറ്റച്ഛനും ഒപ്പമാണ്. അല്ലാതെ തോന്നുമ്പോൾ വലിച്ചെറിയാനും തോന്നുമ്പോൾ ചേർത്തണയ്ക്കാനും തോന്നുന്ന തേർഡ് റേറ്റഡ് പാരന്റ്സിനൊപ്പമല്ല.