ദത്ത് വിവാദത്തിൽ അനുപമ വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയിൽ വകുപ്പ് ഡയറക്ടർ അനുപമയിൽനിന്നും അജിത്തിൽനിന്നും മൊഴിയെടുത്തിരുന്നു. ഇരുവരും ശിശുക്ഷേമസമിതി അധികൃതരുടെ വീഴ്ചകളെക്കുറിച്ചു മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ വനിതാ ശിശുവികസന ഡയറക്ടർ ശിശുക്ഷേമസമിതി അധികൃതരിൽനിന്നു വിവരങ്ങൾ ആരാഞ്ഞു. കൂടാതെ കുഞ്ഞിനെ ജയചന്ദ്രൻ ശിശുക്ഷേമ സമിതിക്കു നൽകിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ഡയറക്ടർ നിർദേശിച്ചു.
പോലീസ് നടപടി
തന്റെ മാതാപിതാക്കളും സഹോദരി, സഹോദരീ ഭർത്താവ് എന്നിവരാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന മൊഴി പോലീസിൽ ആവർത്തിച്ചു നൽകിയതോടെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതോടെ ജയചന്ദ്രനും കൂട്ടരും മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും പേരൂർക്കട പോലീസ് സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പോലീസും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചിരുന്നു.
എന്നാൽ, കുഞ്ഞിനെ നശിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തില്ലെന്നും അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു നൽകിയതെന്നും അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ വച്ചതെന്നും ജയചന്ദ്രനും കൂട്ടരും കോടതിയെ ധരിപ്പിച്ചിരുന്നു.
കുടുംബക്കോടതിയിൽ
അനുപമ കുടുംബ കോടതിയെ സമീപിച്ചതോടെ കോടതി ശിശുക്ഷേമസമിതിക്കെതിരെ രൂക്ഷ വിമർശനം നടത്തി. കുഞ്ഞ് ശിശുക്ഷേമസമിതിയിൽ എങ്ങനെ എത്തിയെന്ന വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു.
20 ദിവസത്തിനകം വിശദമായ സത്യവാങ്മൂലം നൽകാനാണ് കോടതി ഉത്തരവിട്ടത്. കുഞ്ഞിന്റെ മാതൃത്വം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്താമെന്നായിരുന്നു കോടതിയുടെ നിർദേശം. കുട്ടികളെ ദത്ത് നൽകുന്നതിനുള്ള ശിശുക്ഷേമസമിതിയുടെ ലൈസൻസ് കാലാവധി തീർന്നതിനെ കോടതി വിമർശിച്ചു.
ജൂണ് 30 നായിരുന്നു ലൈസൻസ് കാലാവധി അവസാനിച്ചത്. എന്നാൽ, ലൈസൻസ് പുതുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു ശിശുക്ഷേമസമിതി കോടതിയെ അറിയിച്ചു. കേസ് 20 ് വീണ്ട ും പരിഗണിക്കാൻ മാറ്റി വച്ചു.
ഹേബിയസ് കോർപ്പസ്
കുഞ്ഞിനെ തന്റെ സമ്മതമില്ലാതെ ദത്ത് നൽകിയെന്നും അന്യായ തടങ്കലിൽ വച്ചിരിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഹർജി. കുഞ്ഞിനെ കണ്ടെത്താൻ സിറ്റി പോലീസ് കമ്മീഷണർക്കു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേരെ എതിർകക്ഷികളാക്കിയാണ് അനുപമ ഹർജി നൽകിയത്.
അധ്യാപക ദന്പതികൾ
ശിശുക്ഷേമസമിതിയിൽനിന്നു നിയമപ്രകാരം ദത്തെടുത്ത കുഞ്ഞിനെ ലാളിച്ചു വളർത്തി വന്നിരുന്ന അധ്യാപക ദന്പതികളും ഇപ്പോൾ ആശങ്കയിലാണ്
. കുഞ്ഞിനെ ചൊല്ലിയുള്ള അനുപമയുടെ നിയമ പോരാട്ടവും വിവാദങ്ങളും അധ്യാപക ദന്പതികളെ ഏറെ വിഷമത്തിലാക്കി. കുഞ്ഞിനെ തങ്ങൾക്ക് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അധ്യാപക ദന്പതികൾ.
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദം സോഷ്യൽ മീഡിയയിലടക്കം ചേരിതിരിഞ്ഞുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് ഇട നൽകി.
അനുപമയെ ന്യായീകരിച്ചും വിമർശിച്ചും നിരവധി അഭിപ്രായ പ്രകടനങ്ങളുണ്ടായി. ഇപ്പോൾ എല്ലാ കണ്ണുകളും കോടതിയിലേക്കാണ്.
(അവസാനിച്ചു)
തയാറാക്കിയത് –
എം.സുരേഷ്ബാബു