
കളമശേരി: ഹണിട്രാപ്പ് ഒരുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ ഡോക്ടറെ വിളിച്ചുവരുത്തിയത് സ്ഥലക്കച്ചവടത്തിന്റെ പേരിൽ.
കേസിൽ ഒരു സ്ത്രീ അടക്കം മൂന്നു പേരാണ് പോലീസിന്റെ പിടിയിലായത്. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടിൽ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടിൽ റോഷ്വിൻ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പിൽ ജംഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒന്നാം പ്രതിയായ മുഹമ്മദ് അജ്മൽ, നാലാം പ്രതിയായ വിനീഷ് എന്നിവരെ പിടികൂടാനായിട്ടില്ല. കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര അസി. കമ്മിഷണർ ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 21ന് രാത്രി 10.30നാണ് കേസിനാസ്പപദമായ സംഭവം നടന്നത്. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങൾ പറയുന്നതിന് ഒന്നാം പ്രതിയായ മുഹമ്മദ് അജ്മൽ ഡോക്ടറെ ഇടപ്പള്ളിയിലെ ഒരു ഹോട്ടലിലേക്കു വിളിച്ചുവരുത്തി.
തുടർന്നു ഹോട്ടലിലെ റൂമിലേക്ക് മറ്റുള്ളവർ തോക്കും ചുറ്റികയുമായി ഒരു സംഘം അതിക്രമിച്ചു കയറുകയും ഡോക്ടറെ നിർബന്ധിച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിർത്തി ഫോട്ടോയും വിഡിയോയും എടുത്തെന്നാണ് പരാതി.
5 ലക്ഷം രൂപ കൈമാറിയില്ലെങ്കിൽ ഡോക്ടറുടെ വീട്ടുകാർക്ക് ചിത്രീകരിച്ചതെല്ലാം അയച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇതിനിടെയിൽ രക്ഷപെടാൻ നോക്കിയ ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയും ചെയ്തു.