മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ലെന്നു തള്ളിയ കക്ഷിയാണ്; എന്നാല്‍ ഇപ്പോഴത്തെ രൂപം കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും; അനുപമാ പരമേശ്വരന്റെ പുതിയ മേക്കോവര്‍ വൈറലാവുന്നു…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ നായിക അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്താണ് സജീവം. അനുപമയുടെ കടന്നല്‍ക്കൂട് പോലുള്ള മുടിയും അന്ന് മലയാളി പയ്യന്മാര്‍ക്ക് ഹരമായിരുന്നു. ഒരു ചാറ്റ് ഷോയ്ക്കിടെ അവതാരകന്‍ മുടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ മുടിയാണ് തന്റെ ട്രേഡ്മാര്‍ക്കെന്നും മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചിട്ട് മുടി മുറിക്കണമെന്നു പറഞ്ഞാല്‍ പോലും താന്‍ മുടിമുറിക്കില്ലെന്നും പകരം ആ സിനിമ ഉപേക്ഷിക്കുമെന്നുമായിരുന്നു അന്ന് അനുപമ വെച്ചുകാച്ചിയത്.

എന്നാല്‍ തെലുങ്ക് സിനിമാ ലോകത്ത് സജീവമായതിനെത്തുടര്‍ന്ന് അന്നു പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയാണ് താരം. സ്ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍. പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു.

കടന്നല്‍ കൂടു പോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു. ഇടത് തോളില്‍ കടന്നല്‍ കൂടുപോലുള്ള മുടി ഒതുക്കിയിട്ട് മേരി ജോര്‍ജ്ജിന് മുന്നിലൂടെ നടന്നപ്പോള്‍ മലയാളി പെണ്‍കുട്ടികളുടെ കണ്ണുകള്‍ ആ ചുരുള മുടിയില്‍ തട്ടി നിന്നു. മുടി തന്നെയായിരുന്നു മേരിയുടെ ട്രേഡ് മാര്‍ക്ക്. പ്രേമം ഹിറ്റായപ്പോള്‍ കേരളത്തിലെ ചാനലുകളിലെല്ലാം മേരി എന്ന അനുപമ പ്രത്യക്ഷപ്പെട്ടു. അവതാരകരെല്ലാം ചോദിച്ചതും മുടിയുടെ സീക്രട്ട് ആയിരുന്നു.

പ്രേമത്തിന്റെ റീമേക്കുമായി തെലുങ്ക് സിനിമാലോകത്തെത്തിയ താരം പിന്നീട് തെലുങ്കില്‍ കത്തിപ്പടരുകയായിരുന്നു. തെലുങ്ക് സിനിമാ ലോകത്ത് വെറുതേ അഭിനയിക്കുകയായിരുന്നില്ല. തെലുങ്ക് ഭാഷ പഠിച്ചുകൊണ്ട് സ്വയം ഡബ്ബ് ചെയ്ത് അഭിനയിച്ചാണ് അനു തെലുങ്കരെ ഞെട്ടിച്ചത്. അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് മലയാളികളും ഞെട്ടി.ധനുഷിന്റെ നായികയായിട്ടാണ് അനുപമ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തമിഴര്‍ക്കിടയിലും അനുപമ ശ്രദ്ധ നേടി.

തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായതോടെ അനുപമ മലയാളം മറന്നു എന്ന് തന്നെ പറയാം. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അതിഥിതാരമായി വന്ന് അഭിനയിച്ചു പോയി. അപ്പോഴേക്കും അനുപമയുടെ ഹെയര്‍ സ്റ്റൈലൊക്കെ മാറിയിരുന്നു. തെലുങ്ക് ദേശത്തേക്ക് പോയപ്പോള്‍, വെള്ളത്തിന്റെയും യാത്രയുടെയും പ്രശ്നം കാരണം മുടി കൊഴിച്ചില്‍ ഉണ്ടായി. അതുകൊണ്ട് ഹെയര്‍ സ്റ്റൈല്‍ മാറ്റി എന്നാണ് അനുപമ ഇപ്പോള്‍ പറയുന്നത്.

 

Related posts