സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ വീണ്ടും സമരം തുടങ്ങി. ശിശുക്ഷേമ സമിതിക്കു മുന്പിലാണ് രാവിലെ പത്ത് മുതൽ സമരം തുടങ്ങിയത്.
ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ. സുനന്ദയെയും സെക്രട്ടറി ഷിജു ഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.
തന്റെ അറിവില്ലാതെ ഇരുവരും ചേർന്നാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമയുടെ ആരോപണം. ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്നു നേരത്തെ അനുപമ മന്ത്രി വീണ ജോർജിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിക്കു മുന്പാകെ സമരം ആരംഭിച്ചിരിക്കുന്നതെന്നു അനുപമ പറയുന്നു.
കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ വിശ്വാസ്യതയില്ല. വകുപ്പ് തല അന്വേഷണമാണ് നടക്കുന്നത്. ആരോപണ വിധേയർ തത്സ്ഥാനത്ത് തുടരുന്പോൾ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അനുപമ ആരോപിക്കുന്നു.
കുഞ്ഞിനെ രാജ്യത്തിനു പുറത്തേക്കു കടത്തുമോയെന്ന് ആശങ്കയുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ശിശുക്ഷേമ സമിതിയായിരിക്കുമെന്നും അനുപമ കഴിഞ്ഞ ദിവസം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.