2020 ഒക്ടോബർ മാസം 22 ന് ആണ്കുഞ്ഞിനു ജന്മം നൽകിയ അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നുവെന്ന പരാതി ആദ്യമായി അനുപമ നൽകിയത് ഏപ്രിൽ മാസത്തിലായിരുന്നു.
എന്നാൽ ആറു മാസത്തിനു ശേഷം വിഷയം സമൂഹത്തിൽ ചർച്ചയായതോടെ പേരൂർക്കട പോലീസ് അനുപമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സമരം നടത്തിയതോടെയാണ് ഭരണ സംവിധാനത്തിൽ ഭിന്നതകൾ ഉയരുകയും നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായതും.
നേതാക്കൾ പറയുന്നത്
സിപിഎം ദേശീയ നേതാവ് വൃന്ദ കാരാട്ട്, പി.കെ.ശ്രീമതി, ഇപ്പോഴത്തെ വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എന്നിവർക്കും
പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉൾപ്പെടെ പരാതി നൽകിയെങ്കിലും പി.കെ.ശ്രീമതിയും വൃന്ദ കാരാട്ടും മാത്രമാണ് തനിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചതെന്ന് അനുപമ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതോടെയാണ് പാർട്ടിയും സർക്കാരും വെട്ടിലായത്.
പി.കെ.ശ്രീമതി ടിവി ചാനലുകളിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തിരുന്നു. അനുപമയുടെ പരാതിയിൽ നീതി വാങ്ങി കൊടുക്കാൻ സാധിച്ചില്ലെന്ന തുറന്ന് പറച്ചിൽ പാർട്ടിയിൽ ഏറെ ചർച്ചയായി.
പാർട്ടി സമ്മർദത്തിൽ
പ്രതിപക്ഷവും മാധ്യമങ്ങളും വിഷയം ഏറ്റുപിടിച്ചതോടെ പാർട്ടി സമ്മർദത്തിലാകുകയും അനുപമയ്ക്കൊപ്പമായിരിക്കുമെന്ന പ്രസ്താവനകൾ നേതാക്കൾ നടത്തിയെങ്കിലും നേതാക്കളുടെ ആത്മാർത്ഥതയിൽ വിശ്വാസമില്ലെന്ന് അനുപമ തുറന്നടിക്കുകയായിരുന്നു. തുടർന്നായിരുന്നു സെക്രട്ടറിയേറ്റ് നടയിലെ സമരം.
സമരത്തിന് എത്തുന്നതിനു മുന്നോടിയായി ആരോഗ്യമന്ത്രി വീണ ജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമപരമായ സഹായം ചെയ്യാമെന്നും സർക്കാർ ഒപ്പമുണ്ടെന്ന് അനുപമയോട് വ്യക്തമാക്കിയെങ്കിലും കുഞ്ഞിനെ നൽകുമെന്ന ഉറപ്പ് വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു അനുപമ.
തന്റെ സഹോദരിയുടെ വിവാഹത്തിന് ശേഷം കുഞ്ഞിനെ നൽകാമെന്ന് വിശ്വസിപ്പിച്ച് സഹോദരിയുടെ വിവാഹം നടത്തിയ ശേഷം മാതാപിതാക്കൾ വാക്ക് പാലിച്ചില്ലെന്ന ആരോപണം ശക്തമായി ഉയർത്തിയതോടെ അനുപമയുടെ പിതാവും അദ്ദേഹത്തിന്റെ അഭിപ്രായം മാധ്യമങ്ങളോട് പങ്ക് വച്ചു.
ജയചന്ദ്രൻ പറയുന്നത്
അനുപമയുടെ കുഞ്ഞിനെ പ്രസവ ശേഷം അനുപമയുടെ സമ്മതത്തോടെ ശിശുക്ഷേമസമിതിക്കു കൈമാറിയെന്നായിരുന്നു ജയചന്ദ്രൻ ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്.
മൂത്ത മകളുടെ വിവാഹം ഉറപ്പിച്ച ഘട്ടത്തിലായിരുന്നു അനുപമയുടെ പ്രസവം. കൂടാതെ അനുപമയുടെ കാമുകൻ അജിത്ത് മുന്പ് വിവാഹിതനായിരുന്നു.
ഇതെല്ലാം തനിക്ക് അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുഞ്ഞിനെ സംരക്ഷിക്കാൻ അനുപമയ്ക്കു വരുമാനമാർഗം ഇല്ലായിരുന്നു.
അജിത്ത് രംഗത്ത് വന്നിരുന്നുമില്ല. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറാൻ അനുപമ സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകിയെന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
പാർട്ടിക്കും നേതൃത്വത്തിനും കാര്യങ്ങൾ എല്ലാം അറിയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നസിയയുടെ സങ്കടം
സെക്രട്ടറിയേറ്റ് നടയിലെ അനുപമയുടെ സമര ദിവസമാണ് അജിത്തിന്റെ ആദ്യഭാര്യ നസിയ രംഗത്തെത്തുന്നത്.
മധ്യങ്ങളോടു നസിയ പറഞ്ഞത് ഇങ്ങനെ- കഴിഞ്ഞ ഒൻപത് വർഷക്കാലത്തെ തങ്ങളുടെ ദാന്പത്യം തകർത്തത് അനുപമയാണെന്നാണ് നസിയയുടെ ആരോപണം.
സിപിഎം പ്രവർത്തകയാണ് നസിയയും. അനുപമയുമായുള്ള ബന്ധം ഏറെ വൈകി താൻ അറിയുകയും അതേപ്പറ്റി അജിത്തിനോടു ചോദിച്ചപ്പോൾ അനുപമ സഹോദരിയെ പോലെയാണ് എന്നുമായിരുന്നു അജിത്ത് പറഞ്ഞത്.
അനുപമ ഗർഭിണിയായ വിവരം താൻ അറിഞ്ഞ ശേഷം അജിത്ത് മാനസികമായി ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും അജിത്തിനു ഡിവോഴ്സ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെന്നും നസിയ പറയുന്നു.
എന്നാൽ, താൻ ഡിവോഴ്സിനു സമ്മതിക്കില്ലന്നു വ്യക്തമാക്കിയിരുന്നുവെന്നും പിന്നീടാണ് ഡിവോഴ്സിനു സമ്മതിച്ചതെന്നും നസിയ മാധ്യമങ്ങളോടു പറഞ്ഞു.
അനുനയനീക്കം
ശിശുക്ഷേമസമിതി, ചൈൽഡ് വെൽഫെയർ കമ്മിറ്റി , പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർക്കെതിരെ അനുപമ ആരോപണം കുടുപ്പിച്ചതോടെ നേതാക്കൾ അനുനയ നീക്കവുമായി മാധ്യമങ്ങളുടെ മുന്നിലെത്തുകയും സർക്കാർ ഒപ്പമുണ്ട ാകുമെന്ന് പറയുകയുമായിരുന്നു.
എന്നാൽ ശിശുക്ഷേമസമിതി അധികൃതരെയും ജയചന്ദ്രനെയും സംരക്ഷിക്കുന്ന നിലപാടിൽ തന്നെയായിരുന്നു പാർട്ടി നേതൃത്വം.
സമൂഹത്തിൽ വിഷയം സജീവ ചർച്ചയായതോടെ ആനാവൂർ നാഗപ്പനെ കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞതോടെ നേതാക്കൾക്കെതിരെ നടപടി വരുമെന്ന വിശ്വാസവും അനുപമയ്ക്കുണ്ട്.
(തുടരും)
പേരൂർക്കടയിലെ അറിയപ്പെടുന്ന പാർട്ടിക്കുടുംബം! വിവാഹിതരാകുന്നതിന് മുൻപ് അനുപമ ഗർഭം ധരിച്ച വിവരം വീട്ടുകാർ അറിഞ്ഞത് വളരെ വൈകി; ദത്തിലെ സത്യം…