തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയും സിപിഎം നേതാവ് പി.കെ.ശ്രീമതിയും തമ്മിൽ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി.
ദത്ത് വിവാദം നേരത്തെ മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും ഇക്കാര്യത്തിൽ അനുപമയുടെ അമ്മയും അച്ഛനും കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും നമുക്ക് ഇതിൽ റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ.ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
അനുപമയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.മുഖ്യമന്ത്രിയും എ.വിജയരാഘവനും കോടിയേരി ബാലകൃഷ്ണനുമുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായെല്ലാം ഈ വിഷയം ചർച്ച ചെയ്തുവെന്നും പി.കെ ശ്രീമതി പറയുന്നു.
സെപ്റ്റംബർ മാസത്തിൽ നടന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. ഈ സമയം ദത്ത് വിവാദം മാധ്യമങ്ങളിൽ വാർത്തയായിരുന്നില്ല.
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കെടുക്കാനുള്ള സംവിധാനങ്ങൾ ചെയ്യാമെന്ന് പി.കെ.ശ്രീമതി പറയുന്നുണ്ടെങ്കിലും കമ്മിറ്റി വിഷയം ചർച്ച ചെയ്തില്ല.
അതേസമയം നേതാക്കൾ നേരത്തെയറിഞ്ഞിട്ടും ഇടപെടാത്തതിൽ വിഷമമുണ്ടെന്ന് അനുപമ മാധ്യമങ്ങളോടു പറഞ്ഞു. ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണെന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമെന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വേദനിപ്പിച്ചുവെന്നും അനുപമ പറഞ്ഞു.
മുഖ്യമന്ത്രിയെ താൻ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹത്തിന്റെ കൈയിൽ പരാതി നേരിട്ട് എത്തിക്കാണില്ലെന്നും അനുപമ പറയുന്നു. എല്ലാവരും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുകാണുമെന്നും അനുപമ പറയുന്നു.