എസ്എഫ്ഐ പ്രവർത്തകയായ പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്നു തട്ടിയെടുത്തെന്ന പരാതി സംസ്ഥാന രാഷ്ട്രീയത്തിലും ഭരണതലത്തിലും പ്രത്യേകിച്ച് സിപിഎമ്മിനുള്ളിലും ഏറെ ചർച്ചയാകുന്പോൾ
മറുവശത്ത് അനുപമയുടേതെന്നു സംശയിക്കുന്ന കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ അധ്യാപക ദന്പതികളും നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്.
ദത്ത് നടപടികൾ
ദത്ത് നടപടികൾ തിരുവനന്തപുരം കുടുംബ കോടതിയിൽ പുരോഗമിക്കുന്പോഴാണ് കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ രംഗത്തെത്തിയത്.
ഇതേത്തുടർന്നു ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ അപേക്ഷ കോടതി താത്കാാലികമായി അംഗീകരിക്കുകയും കേസ് അടുത്ത മാസത്തിലേക്കു പരിഗണിക്കാനായി മാറ്റുകയായിരുന്നു.
സിപിഎം കുടുംബത്തിലെ അംഗമായ പിതാവും മാതാവും ഉൾപ്പെടെയുള്ളവർ ഭരണ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ പേരൂർക്കട പോലീസിൽ ആറ് മാസം മുൻപ് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല.
ഒടുവിൽ വിഷയം മാധ്യമശ്രദ്ധയിൽ വന്നതോടെയാണ് കുഞ്ഞിന്റെ ജനനവും തിരോധാനവും കേരള സമൂഹത്തിൽ ചർച്ചയായത്.
പാർട്ടിക്കുടുംബം
പേരൂർക്കടയിലെ അറിയപ്പെടുന്ന പാർട്ടികുടുംബത്തിലെ അംഗമായി ജനിച്ച അനുപമയുടെ മുത്തശ്ശൻ പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു മരണം വരെയും.
അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മകൻ ജയചന്ദ്രനും ഭാര്യയും പാർട്ടിയുടെ സജീവപ്രവർത്തകരായി മാറി. പിതാവിന്റെ രാഷ്ട്രീയ പാത മകളായ അനുപമയും സ്വീകരിച്ചു.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന അനുപമ ഡിവൈഎഫ്ഐ നേതാവായ അജിത്ത് എന്ന യുവാവുമായി പ്രണയത്തിലാകുകയായിരുന്നു.
വീട്ടുകാർ അറിയുന്പോൾ
വിവാഹിതരാകുന്നതിന് മുൻപ് അനുപമ അജിത്തിൽനിന്നു ഗർഭം ധരിച്ച വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്.
ഗർഭഛിദ്രം നടത്താൻ വീട്ടുകാർ പ്രേരിപ്പിച്ചെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുമാണ് പിന്നീട് അനുപമ മാധ്യമങ്ങളോടു പറഞ്ഞത്.
(തുടരും)