സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മയെ അറിയിക്കാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്.
പ്രശ്നം പരിഹരിക്കുന്നതിനു ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു.
കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി സെക്രട്ടേറിയറ്റ് പടിക്കൽ ഇന്ന് നിരാഹാര സമരം ആരംഭിക്കാനിരിക്കേയാണ് അനുപമയെ മന്ത്രി വീണ ജോർജ് വിളിച്ചത്.
താനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകുമെന്ന് വീണ
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിലുണ്ടായ വീഴ്ചകളിൽ നടപടിയുണ്ടാകുമെന്നു മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു. വീഴ്ചകൾ കണ്ടെത്താൻ വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
താനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകുമെന്നു മന്ത്രി പറഞ്ഞതായി അനുപമ പറഞ്ഞു.തന്റെ സമ്മതമില്ലാതെയാണ് ദത്ത് നൽകിയതെന്നു പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അനുപമ നിരാഹാര സമരം നടത്തുന്നത്.
സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ല. സർക്കാരിന്റെ മുന്നിലേക്കു പ്രശ്നം അവതരിപ്പിക്കുകയാണ്. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയുള്ള ഏക പ്രതീക്ഷ സർക്കാരിലാണെന്നും അനുപമ പറഞ്ഞു.
വേണ്ടത് നിയമ പോരാട്ടം, പിന്തുണ നൽകുമെന്ന് സിപിഎം സെക്രട്ടറി
അതേസമയം, കുഞ്ഞിനെ വിട്ടുകിട്ടാനുള്ള അനുപമയുടെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ പറഞ്ഞു.
ഒരു തെറ്റിനെയും ന്യായീകരിക്കില്ല. വിഷയം പാർട്ടിയുടെ പരിധിയിൽ വരുന്നതല്ല. നിയമ പരമായ പരിഹാരമാണ് വേണ്ടത്. അനുപമയ്ക്ക് എല്ലാ നിയമ സഹായവും നൽകുമെന്നും വിജയരാഘവൻ ഡൽഹിയിൽ പറഞ്ഞു.