കോട്ടയം: യുവത്വത്തിന്റെ പ്രസരിപ്പും വ്യത്യസ്ത വികസന കാഴ്ചപ്പാടുമായി വൈശാഖും അനുപമയും. കോട്ടയം ജില്ലാ പഞ്ചായത്ത് സാരഥികളിലെ ബേബികളാണ് പി.ആർ. അനുപമയും പി.കെ. വൈശാഖും.
25വയസുകാരിയായ അനുപമ മുണ്ടക്കയം ഡിവിഷനിൽനിന്നും എൽഡിഎഫ് സ്ഥനാർഥിയായി ജനവിധി തേടുന്പോൾ കുറിച്ചി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയാണ് 26കാരനായി പി.കെ. വൈശാഖ്.
കെഎസ്യു ജില്ലാ വൈസ്പ്രസിഡന്റായ വൈശാഖ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. ചാന്നാനിക്കാട് പിജിആർഎം എസ്എൻ കോളജിൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണു തുടക്കം.
യൂണിയൻ കൗണ്സിലറായും, ചെയർമാനായും തിളക്കമാർന്ന പ്രവർത്തനമാണു കാഴ്ചവച്ചത്. മികച്ച സംഘാടകനും പ്രാസംഗികനുമായിരുന്ന വൈശാഖിന്റെ ഇക്കാലത്തെ പ്രവർത്തനമാണ് യുവനേതാവിലെ രാഷ്ട്രീയക്കാരനെയും, സംഘാടകനെയും തേച്ചുമിനുക്കിയെടുത്തത്.
കൊല്ലാട് കുന്നന്പള്ളി പുത്തൻപറന്പിൽ വീട്ടിൽ പി.ജി. കുഞ്ഞുമോന്റെയും കെ. സുധാമണിയുടെയും മകനായ വൈശാഖ് എംകോം ബിരുദാനന്തര ബിരുദധാരിയാണ്.
കോട്ടയത്ത് സ്വകാര്യ കന്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് യുവത്വത്തിന്റെ ട്രെൻഡാണ്. ഇതു മാറ്റത്തിന്റെ തുടക്കമാണ്. ത്രിതല പഞ്ചായത്ത് കേന്ദ്രങ്ങളിൽ യുവാക്കളുടെ സാന്നിധ്യം വലിയ മാറ്റമുണ്ടാക്കുമെന്നും വൈശാഖ് പറയുന്നു.
ഡിവൈഎഫ്ഐ മുണ്ടക്കയം മേഖല ജോയിന്റ് സെക്രട്ടറിയായ അനുപമ മാധ്യമ പ്രവർത്തകയും ഹരിത കേരളം മിഷന്റെ കോ-ഓർഡിനേറ്ററുമണ്. സിഎംഎസ് കോളജിലെ സോഷ്യോളജി പഠനകാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിയരുന്നു.
റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ അനുപമ മീനച്ചിലാർ നദീപുനർസംയോജന പദ്ധതി, കാവുകളുടെയും പുഴകളുടെയും വീണ്ടെടുക്കൽ തുടങ്ങി വ്യത്യസ്തവും വേറിട്ടതുമായ കർമപദ്ധതികൾക്കാണു ഹരിത കേരള മിഷനിലൂടെ രൂപം നൽകിയത്.
ഈ മേഖലയിലെ പ്രവർത്തനമാണ് അനുപമയേ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചതിനുപിന്നി ലും. കൃഷി, ജലം, ശുചിത്വം എന്നി മേഖലയിലൂടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇടപെടാൻ സാധിച്ചിട്ടുണ്ട്.
വിജയിച്ചാൽ ഈ മൂന്നു മേഖലകൾക്കും പ്രാധാന്യം നൽകി പ്രകൃതിക്ക് ചേർന്ന വികസന പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും അനുപമ പറഞ്ഞു. ഇഞ്ചിയാനി പുളിക്കത്തടത്തിൽ പി.എ. രാജപ്പന്റെയും തങ്കമ്മയുടെയും മകളാണ്.