തിരുവനന്തപുരം: ദത്ത് വിവാദത്തിൽ വനിതാ – ശിശു വികസനവകുപ്പിന്റെ വകുപ്പ് തല അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
ശിശുക്ഷേമസമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെ ത്തിയതെന്നാണ് സൂചന.
കുഞ്ഞിനെ വിട്ടു കിട്ടാൻ അനുപമ പരാതിയുമായി ശിശുക്ഷേമസമിതിക്ക് മുന്നിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലും പോയ ശേഷവും ദത്ത് നടപടികൾ തുടർന്നത് വീഴ്ചയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഏപ്രിൽ 22 ന് അനുപമയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടികൾ തടയാതെ മുന്നോട്ട് പോയി.
സിറ്റിംഗിന് ശേഷം പോലീസിനെ ഈ കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിക്കാത്തതും വീഴ്ചയാണെന്നാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ് അഡ്വ എൻ. സുനന്ദ എന്നിവർക്കെതിരെയാണ് വകുപ്പ്തല അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
രേഖകളിൽ തിരമിറി നടന്നിട്ടുണ്ടെ ന്നും കണ്ടെ ത്തിയിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമയാണ് വകുപ്പ്തല അന്വേഷണം നടത്തിയത്.