തെന്നിന്ത്യൻ താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ആദ്യ സിനിമയിലൂടെ തരംഗം സൃഷ്ടിച്ച അനുപമ പക്ഷെ മലയാളത്തിൽ പിന്നീട് സജീവമായില്ല. തെലുങ്ക് സിനിമയിൽ അനുപമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി നടിയെ തേടിയെത്തി. തമിഴിലും സാന്നിധ്യമറിയിച്ചെങ്കിലും ടോളിവുഡാണ് അനുപമയ്ക്ക് വലിയ അവസരങ്ങൾ തുടരെ നൽകിയത്.
കടുത്ത സൈബർ ആക്രമണം അനുപമയ്ക്ക് കേരളത്തിൽ നിന്നു നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും അനുപമയ്ക്ക് പരാതിയില്ല. കരിയറിൽ മുന്നോട്ട് കുതിക്കുകയാണ് താരം. സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്തയാളാണ് അനുപമ. അപൂർവമായേ നടിയെക്കുറിച്ച് ഗോസിപ്പുകളും വന്നിട്ടുള്ളൂ. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ അനുപമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയത്തെക്കുറിച്ചാണ് നടി സംസാരിച്ചത്.
ഞാൻ നിന്നെ എന്നത്തേക്കുമായി സ്നേഹിക്കും എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നുണ. അതൊരിക്കലും സംഭവിക്കില്ലെന്ന് അനുപമ പറയുന്നു. ടോക്സിക് റിലേഷൻഷിപ്പിലുള്ള ആൾക്ക് നൽകാനുള്ള ഉപദേശമെന്തെന്ന് ചോദിച്ചപ്പോൾ ഓടിക്കോ എന്നാണ് നടി നൽകിയ മറുപടി. വോഗിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
വോഗിന് വേണ്ടിയുള്ള അനുപമയുടെ ഫോട്ടോഷൂട്ട് ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ സ്റ്റൈലിഷായ അനുപമയെയാണ് ഫോട്ടോകളിൽ കാണുന്നത്. മുമ്പൊരിക്കൽ തന്റെ ബ്രേക്കപ്പിനെക്കുറിച്ച് അനുപമ സംസാരിച്ചിരുന്നു. പ്രണയത്തിലായിട്ടുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുകയായിരുന്നു നടി. താൻ പ്രണയത്തിലായിരുന്നെന്നും പിന്നീട് ബ്രേക്കപ്പായെന്നും അന്ന് നടി വ്യക്തമാക്കി. ഫോട്ടോഷൂട്ടും അഭിമുഖങ്ങളിലുമാണ് തനിക്ക് സമ്മർദമുണ്ടാക്കുന്നതെന്ന് അനുപമ പറഞ്ഞു. പത്തു പേജുള്ള ഡയലോഗ് പറയുന്നത് കുഴപ്പമല്ല. എന്നാൽ ഫോട്ടോഷൂട്ടും ഇന്റർവ്യൂകളും അങ്ങനെയല്ലെന്നും അനുപമ വ്യക്തമാക്കി.