പ്രേമം എന്ന ഒരേയൊരു സിനിമകൊണ്ട് തലവര മാറിയ നടിയാണ് അനുപമ പരമേശ്വൻ. സംവിധായകൻ അൽഫോൺസ് പുത്രൻ കണ്ടെത്തിയ താരം. പ്രേമത്തിന്റെ റിലീസിന് മുമ്പ് പ്രമോഷനിൽ നിറഞ്ഞുനിന്നത് അനുപമയായിരുന്നു. വിടർന്നു നിന്ന അനുപമയുടെ ചുരുളൻ മുടിയും ചിരിയും സിനിമാപ്രേമികളെ അതിവേഗത്തിൽ കീഴടക്കി. മേരി എന്ന കഥാപാത്രത്തെയായിരുന്നു അനുപമ പ്രേമത്തിൽ അവതരിപ്പിച്ചത്.പ്രേമത്തിന് ബോളിവുഡിൽ വരെ ആരാധകരുണ്ട്.
പ്രേമത്തിനു ശേഷം ഇരുപത്തിയേഴുകാരിയായ അനുപമ അന്യഭാഷകളിലേക്കും ചേക്കേറി. അനുപമയുടെ രണ്ട് തെലുങ്ക് ചിത്രങ്ങൾ ബ്ലോക് ബസ്റ്ററുകളായതോടെ തെന്നിന്ത്യയിലെ പ്രമുഖ നടിയായി അനുപമ മാറി. തെലുങ്കിൽ തുടരെ തുടരെ നിരവധി സിനിമകൾ അനുപമയുടേതായി റിലീസ് ചെയ്യുന്നുണ്ട്.
സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് അനുപമ. വസ്ത്ര ധാരണത്തിൽ അടക്കം പുതുമ പരീക്ഷിക്കാറുള്ള അനുപമ പങ്കുവച്ച ഏറ്റവും പുതിയ സിനിമാ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സിദ്ധു ജൊന്നലഗഡ്ഡയും അനുപമ പരമേശ്വരനും അഭിനയിക്കുന്ന തില്ലു സ്ക്വയർ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം അനുപമയുടെ സോഷ്യൽമീഡിയ പേജിലൂടെ പുറത്തിറങ്ങിയിരുന്നു.
ആരാധകർക്കുള്ള പുതുവത്സര സമ്മാനമായിരുന്നു പോസ്റ്ററെങ്കിലും ആ പോസ്റ്റർ കണ്ടതോടെ അനുപമ ആരാധകരുടെ ഹൃദയം തകരുകയാണ് ചെയ്തത്. കാരണം അതീവ ഗ്ലാമറസായി നായകന്റെ മടിയിൽ സെക്സി ലുക്കിൽ ഇരിക്കുന്ന അനുപമയാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ കണ്ടതോടെ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് തോന്നിയതെന്നാണ് അനുപമയുടെ ഒരു ആരാധകർ കമന്റ് ചെയ്തത്.
ഇത് വേണ്ടിയിരുന്നില്ല, വല്ലാതെ വേദനിക്കുന്നു, തെലുങ്കിലെത്തിയാൽ ഏത് സ്ത്രീയും ദുഷിച്ചവളാകും, ബ്രേക്ക് അപ്പ് സംഭവിച്ചാൽ ഉണ്ടാകുന്നതിനേക്കാൾ വേദന ഈ പോസ്റ്റർ കണ്ടപ്പോൾ ഉണ്ടായി, ഈ പോസ്റ്റർ കണ്ടതിനുശേഷം എന്റെ ഹൃദയം തകർന്നു… അതുകൊണ്ട് ഞാൻ എന്റെ ക്രഷായി ഇനി മുതൽ സായിപല്ലവിയെയാണ് കാണാൻ പോകുന്നത് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. നേരത്തെ ആഷിഷ് റെഡ്ഡിക്കൊപ്പം റൗഡി ബോയ്സ് സിനിമയിൽ അനുപമ പരമേശ്വരൻ ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചിരുന്നു. അന്നും ആരാധകർ നടിക്കെതിരേ വലിയ വിമർശനവുമായി എത്തിയിരുന്നു.