വെള്ളറട(തിരുവനന്തപുരം): കുന്നത്തുകാല്‍ കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ശാഖാകുമാരി(51) യെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചും അടിച്ചും വൈദ്യുത ഷോക്കേല്പ്പിച്ചുമെന്ന് ഭര്‍ത്താവ് അരുണ്‍ (31) പോലീസിനോട് സമ്മതിച്ചതായി കേസിന്റെ അന്വേഷണ ചുമതലയുള്ള വെള്ളറട സി ഐ ശ്രീകുമാര്‍ പറഞ്ഞു.
ക്രിസ്മസ് ദിനം രാത്രിയില്‍ സീരിയലും കോമഡി ഷോയും കണ്ടിരുന്ന ഇരുവരും കിടക്കമുറിയില് ചെന്നതുമുതല് വാക്കേറ്റത്തിലായിരുന്നുവെന്നും പതിവുപോലെ സാമ്പത്തികവും സ്വത്തും സ്വര്‍ണവും ആവശ്യപ്പെട്ട തന്നോട് ഒരു കുഞ്ഞ് വേണമെന്നും അത് സാധ്യമാകാതെ ഇനിയൊന്നും നല്‍കില്ലെന്നും ശാഖാ തറപ്പിച്ച് പറയുകയായിരുന്നു.
ഇതോടെ ശാഖയെ ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിനിടെ നടന്നില്ല. പിന്നീട് ചവിട്ടിയും ശ്വാസം മുട്ടിച്ചും അബോധാവസ്ഥയിലാക്കിയ ശേഷം നിലത്തടിച്ച് വീഴ്ത്തി കൈകളില്‍ സീരിയല്‍ ലൈറ്റുകള്‍ ചുറ്റി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്നത് ശനിയാഴ്ച്ച വെളുപ്പിന് ഏകദേശം ഒന്നര മണിക്കായിരുന്നെങ്കിലും ശാഖയുടെ മരണം ഉറപ്പാക്കിയ അരുണ്‍ നേരം പുലരുംവരെയും ആരെയും വിവരം അറിയിച്ചിരുന്നില്ല.
പുലര്‍ച്ചെ തൊട്ടു മുന്‍വശത്തെ വീട്ടില്‍ പശുവിനെ കറക്കുവാന്‍ എത്തിയ മണിയനോട് സീരിയല്‍ ലൈറ്റുകള്‍ ക്രമീകരിക്കുന്നതിനിടയില്‍ തന്റെ ഭാര്യയ ശാഖ വീട്ടിനുള്ളില്‍ വൈദ്യുത ഷോക്കേറ്റ് വീണു കിടക്കുകയാണെന്നറിയിക്കുകയായിരുന്നുവെന്നും അരുണ്‍ പോലീസിനോട് പറഞ്ഞു.
വിവരം കേട്ട മാത്രയില്‍ വീട്ടിനുള്ളിലേക്ക് കയറി നോക്കിയപ്പോള്‍ ശാഖയുടെ കൈയില്‍ സീരിയല്‍ ലൈറ്റുകള്‍ ചുറ്റിയ നിലയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നുവെന്നും നിലത്ത് രക്തക്കറയും കണ്ടിരുന്നുവെന്നും വൈദ്യുത കണക്ഷന് പൂര്‍ണ്ണമായും വിച്ഛേദിച്ച നിലയിലായിരുന്നെന്നും ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അരുണ്‍ തന്നെയാണ് ശാഖയുടെ കൈയില്‍ ചുറ്റിയിരുന്ന സീരിയല്‍ ലൈറ്റുകള്‍ അഴിച്ചു മാറ്റിയതെന്നും മണിയനും തത്സമയം അവിടെയെത്തിയ സമീപ വാസികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സമീപവാസികളും അരുണും ചേര്‍ന്ന് ശാഖയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ശാഖാ നാല് മണിക്കൂറുകള്‍ക്കു മുന്‍പ് മരണപ്പെട്ട വിവരം നാട്ടുകാര്‍ക്ക് അറിയാനായത്.
കൂടുതല്‍ തെളിവുകള്‍ക്കായി അരുണിനെ വീണ്ടും ചോദ്യം ചെയ്തുവരികയാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ ത്രേസ്യാപുരം പള്ളിയില്‍ എത്തിച്ച് പ്രാര്‍ഥന ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ കല്ലറയില്‍ സംസ്കരിച്ചു.
ത്രേസ്യാപുരം പ്ലാന്‍കാല പുത്തന്‍വീട്ടില്‍ പരേതനായ ആല്‍ബെര്‍ട്ടിന്റെയും ഭിലോമിനയുടെയും ആറാമത്തെ മകളാണ് കൊല്ലപ്പെട്ട ശാഖ കുമാരി.നെയ്യാറ്റിന്‍കര പത്താം കല്ല് സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനുമാണ് അരുണ്‍.
ഏറെ പ്രായവ്യത്യാസമുള്ളതിനാല്‍ ചടങ്ങു നടത്തി വിവാഹം ചെയ്യാന്‍ അരുണിന് വൈമുഖ്യം ഉണ്ടായിരുന്നതായി ശാഖയുടെ ബന്ധുക്കള്‍ പറയുന്നു.പണവും കാറും ആര്‍ഭാടവും മോഹിച്ചാണ് ഒടുവില്‍ വിവാഹത്തിന് അരുണ്‍ വഴങ്ങിയത്.
നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചു പരിചയപ്പെട്ട അരുണുമായി രണ്ടു വര്‍ഷത്തോളം പ്രണയിച്ചതിനു ശേഷമാണ് വിവാഹം നടത്തിയത്.
ശാഖയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തു വകകള്‍ തട്ടിയെടുക്കുക എന്ന ഉദേശത്തോടുകൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച് ശാഖയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കസ്റ്റഡിയിലായ അരുണിനെ പോലീസ് വീടിലെത്തിച്ചു തെളിവെടുപ്പു നടത്തി.
ഡി വൈ എസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വെള്ളറട സര്‍ക്കിള്‍ ഇന്‍സപക്ടര്‍ ശ്രീകുമാര്‍, സബ് ഇന്‍സപക്ടര്‍ ബൈജു അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.