കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായി ഇടതുസഖ്യമായ നാഷണല് പീപ്പിള്സ് പവർ നേതാവ് അനുര കുമാര ദിസനായകയെ തെരഞ്ഞെടുത്തു. ശ്രീലങ്കയിലെ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുന പാർട്ടി നേതാവായ ഈ 56 കാരൻ സാമൂഹ്യസംഘടനകളും പ്രൊഫഷണലുകളും ബുദ്ധഭിക്ഷുക്കളും വിദ്യാര്ഥികളുമടങ്ങുന്ന നാഷണൽ പീപ്പിൾസ് പവർ (എൻപിപി) എന്ന വിശാലസഖ്യത്തിലൂടെയാണ് അധികാരത്തിലെത്തിയത്.
പുതിയ പ്രസിഡന്റ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് എൻപിപി നേതൃത്വം അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വോട്ടെണ്ണൽ രണ്ടാംറൗണ്ടിലേക്കു നീണ്ട തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി സമാഗി ജന ബാലവിഗെയ (എസ്ജെബി) നേതാവ് സജിത് പ്രമേദാസയെ ഉയർത്തിയ കനത്ത വെല്ലുവിളിയെ എൻപിപി സഖ്യം മറികടക്കുകയായിരുന്നു. നിലവിലുള്ള പ്രസിഡന്റ് റനിൽ വിക്രമസിംഗെ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽത്തന്നെ പരാജയപ്പെട്ടു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 ൽ പ്രസിഡന്റ് ഗോട്ടഭയ രാജപക്സെയെ അധികാരഭൃഷ്്ടനാക്കിയ കലാപത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ജനത ഇടതുപക്ഷത്തിനൊപ്പം നിന്നത്. 1987 ലെ ഇന്ത്യാ-ലങ്ക കരാർ ഉൾപ്പെടെ ജെവിപി ശക്തിയുക്തം എതിർത്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ദിസനായകെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയോടുള്ള പാർട്ടി നിലപാട് തിരുത്തി എന്നാണ് ഇതു വ്യക്തമാക്കുന്നത്.
സാന്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റുക എന്ന ദുഷ്കരദൗത്യമാണു പുതിയ പ്രസിഡന്റിന്റെ മുന്നിലുള്ളത്. ഇന്ത്യാ വിരുദ്ധ നിലപാടുകൾ മുഖമുദ്രയായിരുന്ന ജെവിപി 1990 കളുടെ അവസാനമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി സഹകരിച്ചുതുടങ്ങിയത്.