കാസർഗോഡ്: ജനസാന്ദ്രത വര്‍ധിക്കുന്നതിനോടൊപ്പം ഭൂമിയുടെ ലഭ്യതക്കുറവ് പ്രതിസന്ധി തീര്‍ക്കുന്ന കേരളത്തിന് ഭവന നിര്‍മാണ മേഖലയില്‍ പുതിയൊരു മാതൃകയാണ് ലൈഫ് മിഷന് കാസര്‍ഗോഡ് തീര്‍ത്തിരിക്കുന്നത്.
സര്‍ക്കാരിന്റെ ഭവനപദ്ധതി യാഥാർഥ്യമാക്കാന്‍ സ്ഥലപരിമിതി തടസമാകില്ലെന്നാണ് കാസര്‍ഗോഡ് നഗരസഭ പരിധിയിലെ കറന്തക്കാട്ടെ അനുരാധ തെളിയിച്ചത്.
കാലപ്പഴക്കത്താല്‍ അപകടനിലയിലായ ഇടുങ്ങിയ ലൈന്‍ വീട്ടിലായിരുന്നു അനുരാധയും കുടുംബവും നേരത്തേ താമസിച്ചിരുന്നത്.
ഈ സ്ഥലം വില്‍പ്പന നടത്തിയാണ് സമീപത്ത് തന്നെ ഒന്നേകാല്‍ സെന്റ് ഭൂമി വാങ്ങിയത്. വളരെ കുറഞ്ഞ സ്ഥലവുമായി പുതിയ ജീവിതം സ്വപ്നം കാണാന്‍ ഈ കുടുംബത്തിന് സാധിച്ചിരുന്നില്ല.
നിനച്ചിരിക്കാതെയാണ് പുതിയ പ്രതീക്ഷകളുമായി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് എത്തുന്നത്.
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഭവന മാതൃക സ്വീകരിക്കാനാവുമെന്നതിനാലാണ് വളരെ കുറഞ്ഞ ഭൂമിയിലൊതുങ്ങുന്ന പ്രത്യേക വീട് പ്ലാന്‍ തെരഞ്ഞെടുത്തത്.
താഴത്തെ നിലയില്‍ അടുക്കളയും ഹാളും ശൗചാലയവും മുകളില്‍ രണ്ട് മുറികളുമുള്പ്പെടുന്നതാണ് വീട്. ലൈഫ് മിഷന്, പിഎംഎവൈ പദ്ധതി നിബന്ധനകള്‍ പാലിച്ച് നിശ്ചിത വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചിട്ടുള്ളത്.
2018 ല്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തികള്‍ 2019 നവംബറിലാണ് പൂര്‍ത്തീകരിച്ചത്. ഭര്‍ത്താവ് രാമചന്ദ്ര സ്വകാര്യ ബസ് ഡ്രൈവറാണ്. മൂന്ന് പെണ്മക്കളില് രണ്ട് പേര് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
സ്ഥലപരിമിതി തടസമാവാതെ ലൈഫ് മിഷനിലൂടെ ലഭിച്ച സ്വപ്ന വീട്ടില്‍ പുതിയ പ്രതീക്ഷകള്‍ നെയ്തെടുക്കുകയാണ് ഈ കുടുംബം.