തിരുവനന്തപുരം: പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ് പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.