വടകര: നന്മ മനസുകള്‍ ഒട്ടും വൈകാതെ രംഗത്തു വന്നപ്പോള്‍ യുവാവിനു ജീവിതത്തിലേക്കു തിരികെ വരാന്‍ വഴിയൊരുങ്ങി. കഴിഞ്ഞ ദിവസം ദാദര്‍ സൂപ്പര്‍ ഫാസ്റ്റില്‍ നിന്നു വടകരക്കും മാഹിക്കും ഇടയില്‍ പുറത്തേക്ക് വീണ വിദ്യാര്‍ഥി രക്ഷപ്പെട്ടതിനു പിന്നില്‍ ഇങ്ങനെയൊരു കൂട്ടായ്മയുടെ പിന്‍ബലമുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിലെ പ്രവര്‍ത്തകരും റെയില്‍വെ ജീവനക്കാരും പോലീസും ആംബുലന്‍സ് ഡ്രൈവറും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ കണ്ണൂര്‍ പട്ടാന്നൂര്‍ ശ്രീരാഗത്തില്‍ രാജന്റെ മകന് അനുരാഗിനു (19) ജീവിതത്തിലേക്കു തിരകെ വരാനായി.
എറണാകുളത്ത് നിന്നു കണ്ണൂരേക്കു ദാദര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന അനുരാഗ് കഴിഞ്ഞ ദിവസം രാത്രി അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു.
കൂടെയുള്ള കുട്ടികളുടെ പരിഭ്രാന്തി കണ്ടു കാര്യം ചോദിച്ചറിഞ്ഞ ട്രെയിന്‍ ടൈം വാട്സാപ്പ് ഗ്രൂപ്പ് മെമ്പര്‍മാരായ പ്രജിത്ത്, രാജേഷ്, അഷ്റഫ് തുടങ്ങിയവര്‍ വിവരം ഗ്രൂപ്പ് അഡ്മിന് പി.കെ.സി.ഫൈസലിനെ അറിയിച്ചു.
ഫൈസല്‍ ഗ്രൂപ്പ് മെമ്പര്‍ കൂടിയായ വടകര ആര്‍പിഎഫ് എസ്ഐ സുനില്‍കുമാറിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുനില്‍ കുമാര്‍ വടകര സ്റ്റേഷന് മാസ്റ്റര്‍ റൂബിനുമായി ബന്ധപ്പെട്ടു.
തൊട്ട് പിന്നില്‍ വരുന്ന കണ്ണൂര്‍ പാസഞ്ചറിന്റെ ലോക്കോ പൈലറ്റിന് നാദാപുരം റോഡിനും മാഹിക്കും ഇടയില്‍ ട്രെയിന്‍ വേഗം കുറച്ച് സെര്‍ച്ചു ചെയ്യാന്‍ കോഷന്‍ ഓര്‍ഡര്‍ ലെറ്റര്‍ കൊടുത്തു. ഇത് പ്രകാരം ട്രെയിനില്‍ നിന്ന് വീണ അനുരാഗിനെ കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തി.
സാരമായ പരിക്കുള്ള അനുരാഗിനെ അതേ ട്രെയിനില്‍ മാഹി റയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് ആംബുലന്‍സ് വഴി മാഹി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ട് പോയി.
മാഹി മുതല്‍ മെഡിക്കല്‍ കോളജ് വരെ അനുരാഗിനെ ചോമ്പാല്‍ പോലിസ് സ്റ്റേഷനിലെ എഎസ്ഐ മനോജന് മടപ്പള്ളി, സിവില്‍ പോലിസ് ഓഫീസര്‍ സുജില്‍, മാഹി ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് വിജിത്ത്, വാട്സ് ആപ്പ്ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിന് ഫൈസല്‍ ചെള്ളത്ത് തുടങ്ങിയവര്‍ അനുഗമിച്ചു.
ആംബുലന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും വാട്സാപ്പ് ഗ്രൂപ്പ് മെമ്പര്‍ കൂടിയായ മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോക്ടര്‍ രഞ്ജിനി അവിടെ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
തലക്ക് സാരമായ പരിക്കേറ്റ അനുരാഗിനെ രാത്രി തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ അര്‍പ്പണ ബോധത്തെ ഏവരും അഭിനന്ദിച്ചു.