ന്യൂഡല്‍ഹി: സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തിയെഴുത്തി മലയാളി താരം മുഹമ്മദ് അനസ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി. മൂന്നാമത്തെയും അവസാനത്തെ പാദ ഇന്ത്യന്‍ ഗ്രാന്‍പ്രീയുടെ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 45.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അനസ് സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരു
ത്തി. 45.50 സെക്കന്‍ഡ് ആണ് ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടാന്‍ വേണ്ടിയിരുന്ന സമയം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പോളിഷ് ചാമ്പ്യഷിപ്പില്‍ നേടിയ 45.40 സെക്കന്‍ഡ് സമയത്തിന്റെ ദേശീയ റിക്കാര്‍ഡാണ് മലയാളി താരം മാറ്റിയെഴുതിയത്. ആരോക്യ രാജീവ് (46.32 സെക്കന്‍ഡ്) വെള്ളിയും സച്ചിന് ബേബി (47.18 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി. ഒളിമ്പിക്സിന്റെ 400 മീറ്ററില്‍ പങ്കെടുത്ത മൂന്നാമനാണ് അനസ്. ഇതിനു മുമ്പ് 1960ലെ റോം ഒളിമ്പിക്സിൽ ഇന്ത്യന്‍ ഇതിഹാസം മില്‍ഖ സിംഗും 2004ലെ ആഥന്‍സ് ഒളിമ്പിക്സില്‍ കെ.എം. ബിനുവും പങ്കെടുത്തിട്ടുണ്ട്.
വനിതകളുടെ 400 മീറ്ററില്‍ കേരളത്തില്‍നിന്നുള്ള ജിസ്ന മാത്യു സ്വര്‍ണം നേടി. 52.65 സെക്കന്‍ഡിലാണ് ജിന്‍സ ഫിനിഷ് ചെയ്തത്. ലോകചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടാന്‍ 52.10 സെക്കന്‍ഡായിരുന്നു. പൂവമ്മ രാജു (52.73 സെക്കന്‍ഡ്) വെള്ളി നേടി. ജിസ്ന-പൂവമ്മ പോരാട്ടത്തിലായിരുന്ന ഏവരുടെയും കണ്ണുകള്‍. ഗ്രാന്‍പ്രീയുടെ രണ്ടാംപാദത്തില്‍ ഫോട്ടോഫിനിഷിലൂടെ പൂവമ്മ 0.01 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയിരുന്നു. ഈ തോല്‍വിക്കു ജിസ്ന അവസാന പാദത്തില്‍ മറുപടി നല്കി.