ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീര്പ്പാക്കുന്നുവരെയാണ് ഇടക്കാല ജാമ്യം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്
കൊലപാതക കേസില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമായിരുന്നു അനുശാന്തിയുടെ ഹർജി. ജാമ്യം നൽകുന്നതിനെ സംസ്ഥാനം ശക്തമായി എതിർത്തു.
ഹൈക്കോടതിയിലെ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാനത്തിനായി ഹാജാരായ സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി. അഹമീദ് വാദിച്ചു. അഭിഭാഷകൻ വി.കെ. ബിജു വഴിയാണ് അനുശാന്തി ഹർജി നൽകിയത്.
ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു. രണ്ടുമാസത്തെ പരോളായിരുന്നു അന്ന് അനുവദിച്ചത്.
2014 ഏപ്രിലില്‍ നാലു വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയെയും കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി.
ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്ത്യവുമാണ് കോടതി വിധിച്ചത്. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്ത ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.