ഗാന്ധിനഗർ: ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച ഭർത്താവിന്റെ നിലഗുരുതരമായി തുടരുന്നു. പുതുപ്പള്ളിക്കടുത്ത് പയ്യപ്പാടി മലകുന്നം പുത്തൻവീട്ടിൽ സുമേഷിന്റെ ഭാര്യയും കോട്ടയം സിഎംഎസ് കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയുമായ അനുഷ (മാളു-22)യാണു മരിച്ചത്. അനുഷ മരിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച സുമേഷ് മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഭർത്തൃപീഡനം മൂലമെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് ഈസ്റ്റ് പോലീസിൽ മൊഴി നൽകി.
ഇന്നലെ രാവിലെ 10.30ന് ഭർത്തൃഗൃഹത്തിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ. പയ്യപ്പാടി മലകുന്നം നായ്ക്കനാപള്ളിയിൽ ഷാജി- രജനി ദന്പതികളുടെ രണ്ടാമത്തെ മകളാണ് അനുഷ. ഇവരുടെ അയൽവാസിയായ സുമേഷുമായി പ്രണയത്തിലാകുകയും ആറു മാസം മുന്പ് രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്തു. വിവാഹശേഷം അനുഷ കോളജ് പഠനം തുടർന്നു. ഇതിനിടയിൽ അനുഷയെ സുമേഷ് സംശയിക്കാൻ തുടങ്ങി.
പ്ലംബിംഗ് തൊഴിലാളിയായ സുമേഷ് ജോലിക്കുശേഷം രാത്രിയിലേ വീട്ടിലെത്തുകയുള്ളൂ. മിക്ക ദിവസവും ലഹരി ഉപയോഗിച്ചാണ് വരുന്നത്. വീട്ടിലെത്തിയാൽ സംശയത്തിന്റെ പേരിൽ അനുഷയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് അനുഷയുടെ പിതാവ് ഷാജു പോലീസിനോടു പറഞ്ഞു. മർദനം സഹിക്കാൻവയ്യാതെ പലപ്പോഴും അനുഷ സുമേഷിന്റെ വീട്ടിൽനിന്ന് അർധരാത്രിയിൽ ഇറങ്ങിപോയിട്ടുണ്ടെന്നും സംഭവ ദിവസത്തിന്റെ തലേരാത്രിയിലും സുമേഷ് അനുഷയെ മർദ്ദിച്ചതായും ഷാജു പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
രാവിലെയും വാക്കു തർക്കമുണ്ടായിരുന്നു. തുടർന്നാണ് അനുഷ മുറിക്കുള്ളിൽ തൂങ്ങി ആത്മഹത്യക്കു ശ്രമിച്ചത്. സുമേഷ് ഉടൻ തന്നെ അനുഷയെ രക്ഷപെടുത്താൻ ശ്രമിക്കുകയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച അനുഷ മരിച്ചെന്നറിഞ്ഞപ്പോൾ ആശുപത്രിയിൽനിന്ന് സുമേഷ് ഇറങ്ങി ഓടി അനുഷ തൂങ്ങിയ മൂറിയിൽ തന്നെ ആത്മഹത്യക്കു ശ്രമിച്ചു.
വീട്ടിലുണ്ടായിരുന്ന ബന്ധുക്കളാണ് രക്ഷപെടുത്തി മെഡിക്കൽ കോളജിലെത്തിച്ചത്. അനുഷയുടെ മൃതദേഹം തഹസീൽദാരുടെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സുമേഷിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു കേസെടുത്തു.