കേരളത്തെ ഞെട്ടിച്ച ആറ്റിങ്ങല്‍ കൊലക്കേസിലെ പ്രതികളിലൊരാളായ അനുശാന്തിയുമായുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് ലിജേഷ് തയാറെടുക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി അനുശാന്തിയെ ആറ്റിങ്ങല്‍ കുടുംബകോടതിയില്‍ ഹാജരാക്കി. 2014 ഏപ്രില്‍ 16നാണു നാടിനെ നടുക്കിയ അരുംകൊലകള്‍ അരങ്ങേറിയത്. അനുശാന്തിയുടെ കാമുകനും ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥനുമായ നിനോ മാത്യു ലിജേഷിന്റെ മാതാവ് ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ റിട്ട.താലൂക്ക് ഓഫിസ് ജീവനക്കാരി ഓമന(57)യെയും ലിജേഷിന്റെ മകള്‍ സ്വാസ്തിക(നാല്)യെയും കൊലപ്പെടുത്തുകയും ലിജേഷിനെ ആക്രമിച്ചു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
കൊലക്കേസില്‍ അനുശാന്തിയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ലിജേഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവനെക്കാളേറെ സ്നേഹിച്ച അനുശാന്തിയുടെ ഭാഗത്തുനിന്നുള്ള ചതി പൊറുക്കാന്‍ പറ്റുന്നതല്ലെന്നായിരുന്നു ലിജേഷ് പറഞ്ഞത്. അനുശാന്തിക്കും കാമുകന് നിനോ മാത്യുവിനും കോടതി ശിക്ഷ വിധിച്ചതോടെ ലിജേഷ് വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു. നേരത്തെ രണ്ടുതവണ ഹാജരാകാതിരുന്ന അനുശാന്തിയെ കോടതിയുടെ പ്രോഡക്ഷന്‍ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹാജരാക്കിയത്. കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന അനുശാന്തിയെ കനത്ത പോലീസ് കാവലിലാണ് ആറ്റിങ്ങല്‍ സ്റ്റേഷനിലെത്തിച്ചത്. ഇനിടെനിന്നാണ് കോടതിയില്‍ ഹാജരാക്കിയത്. അനുശാന്തിയെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം കോടതി പരിസരത്തെത്തിയിരുന്നു. കൂക്കുവിളിയും അസഭ്യവര്‍ഷവുമായാണ് ജനക്കൂട്ടം അനുശാന്തിയെ യാത്രയാക്കിയത്.