ആയിരം കോടി ബജറ്റിൽ ഒരുങ്ങുന്ന മഹാഭാരതം എന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ സംസാരവിയം. ബാഹുബലിയെക്കൾ മുകളിലായിരിക്കും മോഹൻലാൽ നായകനായി എത്തുന്ന മഹാഭാരതം എന്ന് ചിലർ പറയുന്നു. മഹാഭാരതത്തിൽ ഭീമനെ അവതരിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ച് പറയുന്പോൾ ബാഹുബലി യി ലെ ദേവസേന അനുഷ്ക ഷെട്ടിക്കു നൂറു നാവാണ്. മഹാഭാരതം റിലീസ് ആകുന്നതോടെ മോഹൻലാൽ സാർ രാജ്യത്തിന്റെ മുഴുവൻ പ്രിയതാരമായി മാറും. മഹാഭാരതകഥയും അതിലെ വീരപുരുഷന്മാരും ഓരോ ഭാരതീയന്റെയും മനസിൽ ദൈവങ്ങൾക്ക് തുല്യമാണ്. അതുകൊണ്ട് വെള്ളിത്തരയിൽ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികം.
വി.ആർ. ചോപ്രയുടെ നിർമാണത്തിൽ പണ്ട് ടെലിവിഷൻ സീരിയലായി പുറത്തുവന്ന മഹാഭാരതത്തെ ഇപ്പോഴും ഓർക്കുന്നു. ഞാൻ വളരെ കുട്ടിയായിരിക്കുന്പോഴാണ് ദൂരദർശനിൽ മഹാഭാരതം സീരിയൽ കണ്ടത്. അതിൽ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരദ്വാജിനെയും കർണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന് ആൾക്കാർ ആരാധിച്ചത്.
അത്രമേൽ പ്രിയങ്കരമാണ് ഭാരതീയർക്ക് ഈ കഥാപാത്രങ്ങൾ. മോഹൻലാൽ സാർ ഭീമൻ എന്ന വീരപുരുഷനെ അവതരിപ്പിക്കുന്പോൾ രാജ്യം നമിക്കും. ജ്ഞാനപീഠപുരസ്കാരം നേടിയ എംടി വാസുദേവൻ നായരുടെ തൂലികയിൽ വിരിയുന്ന ഭീമനെ കാണാൻ എല്ലാവരെയും എന്നപോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആർക്കും അനുകരിക്കാൻ കഴിയാത്ത അഭിനയ വൈവിധ്യം കൊണ്ട് ശ്രദ്ധേയനായ നടനാണ് മോഹൻലാൽ. അദ്ദേഹം അഭിനയിച്ച ജനത ഗാരേജ് എന്ന ചിത്രം തെലുങ്കിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ ഹിറ്റാണ്- അനുഷ്ക വ്യക്തമാക്കി.