ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭാസമായ പ്രഭാസും താരസുന്ദരി അനുഷ്ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിറയെ പുറത്തുവന്നിരുന്നു.
ബാഹുബലി ഇറങ്ങിയതിന് ശേഷമായിരുന്നു ഇങ്ങനൊരു ഗോസിപ്പ് ഉണ്ടായത്. രണ്ടു പേരും പലപ്പോഴും അതു നിഷേധിച്ചിരുന്നു. പക്ഷേ ഇപ്പോഴിതാ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്ക ഷെട്ടി.
എന്നാല്‍ മുന്‍ കാമുകന്റെ പേര് പറയാന്‍ അനുഷ്ക തയാറായതുമില്ല. തനിക്ക് ഒരു മനോഹരമായ പ്രണയബന്ധമുണ്ടായിരുന്നുവെന്നും അത് 2008-ല്‍ ആയിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരിക്കുന്നു.
ആ വ്യക്തിയുടെ പേര് ഇപ്പോള്‍ തനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു അത്.
വളരെ മാന്യമായ ഒരു ബന്ധമായാണ് ഞാന്‍ ആ ബന്ധത്തെ കണക്കാക്കുന്നത്. എന്റെ വിവാഹ ദിവസം ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തുമെന്നും അനുഷ്ക പറഞ്ഞു.
പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് പ്രഭാസെന്നും കഴിഞ്ഞ 15 വര്‍ഷമായി നന്നായി അറിയാമെന്നും ഒരാവശ്യം വന്നാല്‍ ഏത് പതിരാത്രിക്ക് വേണേമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുള്ള സുഹൃത്ത് എന്നുമാണ് അനുഷ്ക ഷെട്ടി പറഞ്ഞത്.
മാത്രമല്ല ഞങ്ങള്‍ തമ്മില്‍ പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ ഇതിനുള്ളില്‍ അത് പുറത്തറിയുമായിരുന്നുവെന്നും അതിന് മടിയില്ലാത്തവരാണ് ഇരുവരുമെന്നും അനുഷ്ക കൂട്ടിച്ചേർത്തു.