ബാഹുബലിയുടെ ബ്രഹ്മാണ്ഡവിജയത്തിന് ശേഷം നടി അനുഷ്ക ഷെട്ടിക്കും ഒരു സൂപ്പർലേഡി ഇമേജാണ്. വലിയ വലിയ ചിത്രങ്ങൾ മാത്രമേ ഇപ്പോൾ നടിയെ തേടിയെത്തുന്നുള്ളൂ. ബാഹുബലിക്ക് ശേഷം അനുഷ്ക അഭിനയിക്കുന്ന ഭാഗ്മതിയുടെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. പൊള്ളാച്ചിയിൽ ഈ സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അനുഷ്കയുടെ കാരവൻ പോലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്നാണത്രെ പോലീസ് കാരവൻ തടഞ്ഞത്. അനുഷ്കയെ സിനിമാലൊക്കേഷനിലേക്ക് കൊണ്ടുവരാനായി ഹോട്ടലിലേക്ക് പോകുന്നതിടെയാണ് കാരവൻ പോലീസ് പിടിച്ചെടുക്കുന്നത്. ഈ സമയം അനുഷ്ക വണ്ടിയിൽ ഉണ്ടായിരുന്നില്ല. നടിയെ കൊണ്ടുവരാനായി ഹോട്ടലിലേക്ക് പോകുന്ന വഴി പോലീസ് കാരവൻ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.വാഹനത്തിന്റെ വിവരങ്ങൾ ചോദിച്ചപ്പോൾ ഡ്രൈവറുടെ കൈയിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.
ഇക്കാരണത്തെത്തുടർന്ന് പോലീസ് കാരവൻ പിടിച്ചെടുത്തു. പ്രൊഡക്ഷൻ കണ്ട്രോൾ ടീം പ്രശ്നം പരിഹരിച്ചു വരികയാണ്. കാരവൻ ഇല്ലാത്തതിനാൽ മറ്റൊരു കാറിലാണ് അനുഷ്ക സെറ്റിലെത്തിയത്. സമീന്ദർ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ അശോകാണ് ഭാഗ്മതിയുടെ സംവിധായകൻ. യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ആശ ശരത്ത്, ജയറാം തുടങ്ങിയ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്.