ദക്ഷിണേന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നായികയാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ അനുഷ്കയുടെ താരമൂല്യവും ആരാധക പിന്തുണയും ഏറെ വർധിച്ചിരുന്നു. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഒരു പ്രത്യേക കഴിവ് അനുഷ്കയ്ക്കുണ്ട്.
അതു താരം പലതവണ തെളിയിച്ചതുമാണ്. അരുന്ധതി, രുദ്രമ്മാ ദേവി, ബാഹുബലിയിലെ ദേവസേന തുടങ്ങി ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയും ഇതേ ഗണത്തിലുള്ള ചിത്രമാണ്. ഇതിന് പിന്നാലെയാണ് മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിലും അനുഷ്ക അഭിനയിക്കുന്നതായുള്ള വാർത്തകൾ. ചിത്രത്തിൽ ദ്രൗപതിയുടെ കഥാപാത്രത്തെയാകും അനുഷ്ക അവതരിപ്പിക്കുകയെന്നാണ് സൂചന. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴമെന്ന നോവൽ സിനിമയാകുന്പോൾ ചിത്രത്തിലേക്ക് ആരൊക്കെ താരങ്ങളായി വരുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.
അനുഷ്ക ഈ ചിത്രത്തിൽ അഭിനയിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ കഥപാത്രത്തേക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഇത്തരം ഇതിഹാസ ചിത്രങ്ങളിൽ മുന്പും അനുഷ്ക വേഷമിട്ടിട്ടുള്ളതിനാൽ അനുഷ്ക രണ്ടാമൂഴത്തിലും നായികയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാഭാരതത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥപാത്രമായ ദ്രൗപതിയെയാകും അനുഷ്ക അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അനുഷ്കയെ സന്ദർശിച്ചതായാണ് വിവരം. അടുത്തയിടെ ഒരു അഭിമുഖത്തിൽ താരം മോഹൻലാലിനെക്കുറിച്ച് ഏറെ വാചാലയായിരുന്നു.
ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും മോഹൻലാലിന്റെ ഭീമനെ കാണാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. താരം രണ്ടാമൂഴത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ ആരാധകർ കാണുന്നത്. രണ്ടര വർഷത്തെ ഡേറ്റാണ് മോഹൻലാൽ ഈ ചിത്രത്തിനായി നൽകിയിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ശക്തമായ കഥാപാത്രമായ കർണനായി തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുന എത്തുമെന്നാണ് വിവരം. ഹോളിവുഡ് കാസ്റ്റിംഗ് കന്പനിയാണ് താരനിർണയം നടത്തുന്നത്. മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രം മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റി എത്തും. 1000 കോടിയിൽ രണ്ട് ഭാഗങ്ങളായി രാജ്യത്തെ ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാർ മേനോനാണ്. വിദേശ വ്യവസായി ബിആർ ഷെട്ടിയാണ് ചിത്രം നിർമിക്കുന്നത്. ആദ്യ ഭാഗം തിയറ്ററിലെത്തി 90ാം ദിവസം രണ്ടാം ഭാഗവും തിയറ്ററിലെത്തും.