ചെയ്യുന്ന കഥാപാത്രത്തോടു നീതി പുലർത്താനും അത് എത്രത്തോളം നന്നാക്കാമോ അത്രത്തോളം നന്നാക്കാനായി എവിടം വരെ പോകാനും തയാറാകുന്ന അഭിനേത്രിയാണ് അനുഷ്ക ഷെട്ടി. അതിനായി സാഹസത്തിനും നടി പലപ്പോഴും തയാറാവാറുമുണ്ട്.
അത്തരത്തിലെന്തോ സാഹസം നടത്തിയതാവാം അനുഷ്ക ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്കിനു കാരണമായത്. തെലുങ്ക് ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. സാരമായ അപകടമാണെന്നാണ് റിപ്പോർട്ടുകൾ. കാലിനാണ് പരിക്ക്. കാലിന് ഒടിവുണ്ടായി എന്നു പോലും റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും രണ്ടുമൂന്ന് ആഴ്ച തീർച്ചയായും ബെഡ് റെസ്റ്റ് വേണം എന്ന് അനുഷ്കയോട് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
ചിരഞ്ജീവിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേ റാ നരസിംഹ റെഡ്ഡിയിൽ അതിഥി വേഷത്തിലാണ് അനുഷ്ക എത്തുന്നത്. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, തമന്ന, സുദീപ് തുടങ്ങിയ വലിയ വലിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.
സയലന്റ്സ് എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അനുഷ്ക ഷെട്ടി. അതിനിടയിലാണ് സേ റാ നരസിംഹ റെഡ്ഡിയിലെ അതിഥി വേഷം പൂർത്തിയാക്കാൻ എത്തിയത്. കാല് സുഖപ്പെട്ടാൽ ഉടൻ സയലന്റ്സിനൊപ്പം ചേരും. യു എസിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.