
ഈ മാസം 11 നാണ് അനുഷ്ക-കോഹ്ലി ദന്പതികൾക്ക് പെണ്കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ദൃശ്യങ്ങളൊന്നും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല.
ഏത് വിധേനയും കുഞ്ഞിന്റെ ചിത്രം പകർത്തി പ്രചരിപ്പിക്കാൻ പപ്പരാസികളും ശ്രമം തുടരുന്നുണ്ട്. എന്നാൽ ദയവുചെയ്ത് കുഞ്ഞിന്റെ ചിത്രം പകർത്തരുതെന്നും ഇത് തങ്ങളുടെ അഭ്യർഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ.
“”ഹായ്, കഴിഞ്ഞ നാളുകളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദർഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ലളിതമായ അഭ്യർഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്… ”എന്നായിരുന്നു ഇവർ കുറിച്ചത്.
“”ഞങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്”- താരങ്ങൾ പറഞ്ഞു. നേരത്തെ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് അനുഷ്ക ഒരു പ്രസിദ്ധീകരണത്തിനും അതിലെ ഫോട്ടോഗ്രാഫർക്കുമെതിരെയും രംഗത്തെത്തിയിരുന്നു.
അനുമതിയില്ലാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തി പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന താക്കീതായിരുന്നു അനുഷ്ക നൽകിയത്.
വീടിന്റെ ബാൽക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്കയുടേയും വിരാടിന്റേയും ചിത്രങ്ങളായിരുന്നു ഇവർ അറിയാതെ ഒരു ഫോട്ടോഗ്രാഫർ പകർത്തിയത്.
ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമർശനവുമായി താരം രംഗത്തെത്തിയത്.
അനുഷ്കയും കോഹ്ലിയും എപ്പോൾ വീടിന് പുറത്തിറങ്ങിയാലും പാപ്പരാസികൾ ഇവരുടെ പിറകെ കൂടാറുണ്ട്. ഇവരുടെ നിരവധി ചിത്രങ്ങൾ ഇക്കൂട്ടർ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാറുമുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിലേക്കുള്ള സന്ദർശനത്തിനല്ലാതെ താരങ്ങൾ പുറത്തിറങ്ങാറില്ല. നേരത്തെ ജിമ്മിൽ വർക്ക് ഒൗട്ട് ചെയ്യുന്ന അനുഷ്കയുടെ ചിത്രങ്ങളും വൈറലായിരുന്നു.
നേരത്തെ കൊവിഡ് തങ്ങൾക്ക് ചിലസമയത്തെങ്കിലും ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണെന്നും ലോക്ക് ഡൗണ് സമയങ്ങളിൽ പുറത്തിറങ്ങുന്പോൾ പാപ്പരാസികളിൽ നിന്നു തങ്ങൾ രക്ഷപ്പെടാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് താൻ അമ്മയാകാൻ പോകുന്നെന്ന വാർത്ത താരം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.