ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ വിവാദ പരാമർശം നടത്തിയ സുനിൽ ഗാവസ്കറിനെതിരേ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ രംഗത്ത്.
മത്സരത്തിൽ കമന്ററി പറയുന്നതിനിടയിലാണ് ഗവാസ്കർ കോലിയേയും അനുഷ്കയേയും ബന്ധപ്പെടുത്തി വിവാദ പരാമർശം നടത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് കോലി അനുഷ്കയുടെ ബൗളിങ്ങ് നേരിടാൻ മാത്രമാണ് പഠിച്ചതെന്നായിരുന്നു ഗാവ്സകർ പറഞ്ഞത്.
കമന്ററി പറയുന്പോൾ ഓരോ കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാവസ്കർ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതുപോലെ തുല്യമായ ബഹുമാനം തിരിച്ചുമുണ്ടായിരിക്കില്ലേ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അനുഷ്ക ചോദിക്കുന്നു.
ഗാവസ്കറുടെ കമന്റ് അരുചികരമായിരുന്നെന്നും ഭർത്താവിന്റെ മോശം പ്രകടനത്തിൽ ഭാര്യയെ പഴിചാരുന്നത് എന്തിനാണെന്നും അനുഷ്ക ചോദിച്ചു. എന്റെ ഭർത്താവിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ നിങ്ങളുടെ മനസിൽ മറ്റ് അനേകം വാക്കുകളുണ്ടായിരുന്നു എന്ന് എനിക്കറിയാം.
അവിടെ എന്റെ പേര് ഉപയോഗിച്ചാൽ മാത്രമേ നിങ്ങളുടെ വാക്കുകൾ പ്രസക്തമാകൂ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് 2020 ആണ്. എന്റെ കാര്യങ്ങളിൽ ഇപ്പോഴും മാറ്റമൊന്നുമില്ല.
എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകൾ അവസാനിക്കുക? ബഹുമാനപ്പെട്ട ഗാവസ്കർ, ഈ മാന്യൻമാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണ് നിങ്ങൾ.
ങ്ങൾ അതു പറയുന്നതു കേട്ടപ്പോൾ ഞാൻ ഇത്രയും നിങ്ങളോട് പറയാൻ ആഗ്രഹിച്ചു- അനുഷ്ക ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.പഞ്ചാബിനെതിരായ മത്സരത്തിൽ കോലി ബാറ്റിംഗിലും ഫീൽഡിംഗിലും മോശം പ്രകടനമാണ് പുറത്തെടുത്തത്.
കെ.എൽ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം കോഹ്ലി രണ്ട് തവണ നഷ്ടപ്പെടുത്തി. അഞ്ചു പന്തിൽ നിന്ന് വെറും ഒരു റണ്‍ മാത്രമാണ് കോഹ്ലി നേടിയത്. ഇതിന് പിന്നാലെയായിരുന്നു ഗാവസ്കറുടെ പരാമർശം. ലോക്ക്ഡൗണ്‍ സമയത്ത് അനുഷ്കയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോഹ്ലി പങ്കു വച്ചിരുന്നു.
ഗവാസ്കറിന്റെ പരാമർശത്തിനു പിന്നാലെ കോഹ്ലിയുടേയും അനുഷ്കയുടേയും ആരാധകർ ഗാവസ്്കറിനെതിരേ രംഗത്തെത്തി. വീട്ടിൽ ഇരിക്കുന്ന അനുഷ്കയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നായിരുന്നു ആരാധകർ ചോദിച്ചത്. കമന്റേറ്റർമാരുടെ പാനലിൽ നിന്ന് ഗാവസ്കറെ ഒഴിവാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.
തെറ്റായി വ്യാഖ്യാനിച്ചു: ഗവാസ്കർ
തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് സുനിൽ ഗവാസ്കറിന്റെ വിശദീകരണം.ആദ്യമായി ഞാൻ ഒരു കാര്യം പറയട്ടെ, ഞാൻ അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടില്ല. ഞാൻ ആ വീഡിയോയെ കുറിച്ച് മാത്രമാണ് പറഞ്ഞത്.
വിരാട് കോഹ്ലിക്ക് അനുഷ്ക ബൗൾ ചെയ്തുകൊടുക്കുന്ന ആ വീഡിയോയെ കുറിച്ച്. ഈ ലോക്ഡൗണ്‍ സമയത്ത് കോഹ്ലി അത്രയും ബൗളിങ് മാത്രമേ നേരിട്ടിട്ടുള്ളു. ഒരഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു.
ലോക്ഡൗണുള്ളപ്പോൾ സമയം നീങ്ങാൻ വേണ്ടി എല്ലാവരും കളിക്കുന്നതുപോലെയുള്ള ഒരു ടെന്നീസ് ബോൾ കളി മാത്രമായിരുന്നു അത്. അത്രയേയുള്ളു കാര്യം. ഇതിൽ കോഹ്ലിയുടെ പരാജയത്തിന് ഞാൻ അനുഷ്കയെ എവിടെയാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്? ഗവാസ്കർ കൂട്ടിച്ചേർത്തു.
ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ ആരോപണത്തേയും ഗവാസ്കർ തള്ളി. വിഡ്ഢിത്തം എന്നാണ് ഗാവസ്കർ ഇതിനെ വിശേഷിപ്പിച്ചത്.
വിദേശ പര്യടനങ്ങളിൽ ഭാര്യയെ കൂടെക്കൂട്ടാൻ ക്രിക്കറ്റ് താരങ്ങൾക്ക് അനുമതി നൽകണമെന്ന് എപ്പോഴും വാദിക്കുന്ന വ്യക്തിയാണ് ഞാൻ. സാധാരണ ഒരു മനുഷ്യൻ ഒന്‍പതു മുതൽ അഞ്ചു വരെയാണ് ജോലി ചെയ്യാറുള്ളത്.
അയാൾക്ക് വൈകുന്നേരം വീട്ടിലെത്തി ഭാര്യയെ കാണാം. അതുപോലെ ക്രിക്കറ്റ് താരങ്ങൾ ഭാര്യയെ ഒപ്പം കൂട്ടിയാൽ എന്താണ് പ്രശ്നമെന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്- ഗവാസ്കർ പറഞ്ഞു.
കമന്ററിക്കിടയിലെ ഭാഗവും ഗവാസ്കർ വിശദീകരിച്ചു. കമന്ററി കേട്ടാൽ നിങ്ങൾക്ക് മനസിലാകും, ലോക്ഡൗണ്‍ സമയത്ത് പരിശീലനത്തിനുള്ള അവസരം പലർക്കും ലഭിച്ചില്ലെന്ന് സഹ കമന്റേറ്റർ ആകാശ് പറയുന്നുണ്ടായിരുന്നു.
ആദ്യ മത്സരങ്ങളിൽ ചില താരങ്ങൾ നിരാശപ്പെടുത്തിയതും അതുകൊണ്ടാണ്. രോഹിതിന് നന്നായി കളിക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം മത്സരത്തിൽ മികച്ച രീതിയിൽ കളിച്ചു. ധോനിയും അതുപോലെ തന്നെയായിരുന്നു.
ഇങ്ങനെ ലോക്ഡൗണ്‍ സമയത്തെ പരിശീലനത്തെ കുറിച്ച് പറഞ്ഞുവന്നപ്പോഴാണ് അനുഷ്ക കോഹ്ലിക്ക് ബൗൾ ചെയ്തുകൊടുത്തത് പരാമർശിച്ചത്.
ബൗളിംഗ് എന്നാണ് പറഞ്ഞത്. മറ്റൊരു വാക്കും അവിടെ ഞാൻ ഉപയോഗിച്ചിട്ടില്ല. ഇതിൽ എവിടെയാണ് ലൈംഗികച്ചുവയുള്ള പരാമർശമുള്ളത്. എവിടെയാണ് അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടുള്ളത്?ആ വീഡിയോയിലുള്ള കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്-ഗവാസ്കർ പറഞ്ഞു.