ലോകകപ്പ് പോരാട്ടത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയ്ക്കൊപ്പം ലണ്ടനിൽ ഒൗട്ടിംഗ് നടത്തി. ടീമിനൊപ്പം ഭാര്യമാർക്ക് ചേരാൻ അനുമതിയില്ലെങ്കിലും ലണ്ടനിൽ രോഹിത് ശർമയുടെയും എം.എസ്. ധോണിയുടെയും ഭാര്യമാർ ഇതിനോടകം എത്തിയിരുന്നു.
ലോകകപ്പിന്റെ ആദ്യത്തെ 20 ദിവസം ഭാര്യമാർക്കൊപ്പം ഒൗട്ടിംഗിനു പോകാൻ ഇന്ത്യൻ കളിക്കാർക്ക് ബിസിസിഐ അനുമതി നിഷേധിച്ചിരുന്നു. 15 ദിവസം മാത്രം ഭാര്യമാർക്കൊപ്പം ചെലവിടാനുള്ള അനുമതിയേ ബിസിസിഐ നല്കിയിട്ടുമുള്ളൂ.
ഈ ആഴ്ചയുടെ തുടക്കത്തിലാണ് കോഹ്ലിയെ കാണാൻ അനുഷ്ക ലണ്ടനിൽ എത്തിയത്. ഇരുവരും ലണ്ടനിലെ ഓൾ ബോണ്ട് സ്ട്രീറ്റിൽ സമയം ചെലവിടുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു.
പരിക്കേറ്റ് ടീമിനു പുറത്തായ ശിഖർ ധവാനും സഹ ഓപ്പണർ രോഹിത് ശർമയും സകുടുംബം ലോക്കൽ ട്രെയ്നിൽ യാത്ര ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.