അനുഷ്ക ഷെട്ടി സുന്ദരിയാണ്. ഇപ്പോഴവട്ടെ അതി സുന്ദരിയും. തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടിയുടെ പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വണ്ണം കുറച്ച് അതീവ ചെറുപ്പമായാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കുട്ടീഞ്ഞോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
വണ്ണം കൂടിയതു കൊണ്ട് പല ചിത്രങ്ങളിൽ നിന്നും അനുഷ്കയെ മാറ്റി നിർത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നു. ബാഗമതി മാത്രമാണ് അനുഷ്കയുടേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ലൂക്കിന്റെ കീഴിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്ക.
2015-ൽ പുറത്തിറങ്ങിയ ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായാണ് അനുഷ്ക ശരീരഭാരം വർധിപ്പിച്ചത്. എന്നാൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും വണ്ണം കുറയ്ക്കുക എന്നത് ശ്രമകരമായിരുന്നു. ഇതോടെ വിദേശത്തു വച്ച് കൊഴുപ്പു കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്ക് താരം വിധേയയായി.
ഇതിനിടയിൽ പുറത്തിറങ്ങിയ ബാഹുബലി-2, രുദ്രമാദേവി എന്നീ ചിത്രങ്ങളിലെല്ലാം ഈ വണ്ണം ഒരു വില്ലനായി വന്നിരുന്നു. തുടർന്ന് ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ഈ ചിത്രങ്ങളിൽ താരത്തിന്റെ വണ്ണം കുറച്ച് കാണിച്ചതെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ താരത്തിന്റെ മേക്കോവറിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത്.