തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി ഉമ്മിണിത്തങ്കയുടെ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ. കെ. മധു സംവിധാനം ചെയ്യുന്ന ചരിത്രസിനിമ മാർത്താണ്ഡവർമയിൽ നായികാ കഥാപാത്രമാണ് ഉമ്മിണിത്തങ്ക. ധീരയായ ഉമ്മിണിത്തങ്കയുടെ കഥാപാത്രം ചെയ്യാൻ അറിയപ്പെടുന്നൊരു നടി വേണം. അതും ആയോധനകലകളൊക്കെ സിനിമയിൽ ചെയ്തു പരിശീലിച്ചയൊരാൾ. അങ്ങനെയാണ് അന്വേഷണം അനുഷ്ക ഷെട്ടിയിൽ എത്തിനിൽക്കുന്നത്.
പക്ഷേ അനുഷ്ക ഈ ചിത്രത്തിൽ സഹകരിക്കുമോയെന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബാഹുബലി ഉൾപ്പെടെയുള്ള ചരിത്രസിനിമകളിൽ അഭിനയിച്ചും ആയോധന രംഗങ്ങളിൽ അഭിനയിച്ചും അനുഷ്കയ്ക്ക് പരിചയമുണ്ട്. ചിത്രത്തിൽ മാർത്താണ്ഡവർമയുടെ വേഷം തെലുങ്ക് താരം റാണാ ദഗുപതി ചെയ്യുമെന്ന് ഉറപ്പായി.
താരം തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2018 പകുതിയോടെ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനം. പീറ്റർ ഹെയ്ൻ സംഘട്ടനരംഗം സംവിധാനം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ബാഹുബലിയുടെ കലാ സംവിധായകൻ മനു ജഗത് ഈ ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിക്കും. ബിഗ് ബജറ്റ് ചിത്രമായ മാർത്താണ്ഡവർമ മലയാളത്തെക്കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും ചിത്രീകരിക്കുന്നുണ്ട്.