ഒടിയൻ എന്ന ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തിയ മേക്കോവറിനെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി. തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ആമിർഖാൻ, പ്രഭാസ്, വിക്രം, മോഹൻലാൽ തുടങ്ങിയവരാണ് തനിക്ക് പ്രചോദനമേകിയിട്ടുള്ളതെന്ന് താരം പറയുന്നു.
മോഹൻലാൽ നടത്തിയ മേക്കോവറിനെക്കുറിച്ച് എങ്ങനെ പറയാതിരിക്കാൻ കഴിയുമെന്നും താരം ചോദിക്കുന്നു. പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി മെലിയുമെന്ന് മോഹൻലാൽ ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ മേക്കോവറിലൂടെ അതാണ് പാലിക്കപ്പെട്ടത്.
ഫ്രാൻസിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയാണ് താരം മേക്കോവർ നടത്തിയത്. സൈസ് സീറോയായാണ് അനുഷ്ക ഷെട്ടി ഭാഗമതി എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി അനുഷ്ക നടത്തിയ തയാറെടുപ്പുകളെക്കുറിച്ച ചോദിച്ചപ്പോഴാണ് താരം മോഹൻലാലിന്റെ മേക്ക്ഓവറിനെക്കുറിച്ചും വാചാലയായത്.
ഒടിയൻ മാണിക്കനാവുന്നതിന് മുന്നോടിയായി മോഹൻലാൽ നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ച് തുടക്കത്തിൽ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം എത്തുന്നതെന്ന് ശ്രീകുമാർ മേനോൻ ഉറപ്പ് തന്നിരുന്നു. അത് അക്ഷരാർഥത്തിൽ പാലിക്കുകയായിരുന്നു താരം ഇപ്പോൾ. അവസാന ഘട്ട ഷെഡ്യൂളിന് മുന്നോടിയായി നടത്തിയ മേക്കോവർ ഏവരേയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.
ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയൻ മാണിക്കന്റെ ബാല്യകാലമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 18 കിലോ ശരീരഭാരം കുറച്ച് യൗവനം വീണ്ടെടുത്തിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിന്റെ വ്യായാമ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.