മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
ഫണ്ട് ധനശേഖരണ പ്ലാറ്റ്ഫോമായ കെറ്റോ വഴി ഏഴ് കോടി രൂപ സമാഹരിക്കാനും ഇരുവരും ശ്രമിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഇരുവരും സഹായ അഭ്യർഥനയുമായി സമൂഹമാധ്യമങ്ങളിൽ എത്തി.
രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
എത്രത്തോളം പേരെ സഹായിക്കാൻ കഴിയുമോ അത്രയും സഹായിക്കാനാണു നമ്മൾ ശ്രമിക്കേണ്ടത്.
എന്നാൽ ഈ സമയത്ത് ആ സഹായങ്ങൾക്കെല്ലാം അപ്പുറം നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യണം-കോഹ്ലി പറഞ്ഞു.
ആരോഗ്യ സംവിധാനങ്ങൾക്കു കൈകാര്യം ചെയ്യാൻ സാധിക്കുന്നതിന് അപ്പുറത്തേക്കു കാര്യങ്ങൾ എത്തി.
ഈ സമയത്ത് മനുഷ്യർ പ്രയാസപ്പെടുന്നതു കാണുന്പോൾ വേദനിക്കുന്നു- ഇതായിരുന്നു അനുഷ്കയുടെ ട്വീറ്റ്.