അനുഷ്ക ഷെട്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടില്ലത്രേ. എല്ലാ ചിത്രങ്ങളിലും അനുഷ്കയ്ക്ക് ശബ്ദം നൽകിയത് ഡബ്ബ് ആർട്ടിസ്റ്റുകളാണ്. തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാതെ ഉൾവലിഞ്ഞതിൽ ഒരു കാരണമുണ്ടത്രേ. അതു താരം തന്നെ തുറന്ന് പറയുന്നു.
“”എന്റെ ശബ്ദം കുട്ടികളെപ്പോലെ മധുരമുള്ളതും വളരെ ചെറിയ ശബ്ദവുമാണ്. അത് വളരെ ബോൾഡായ കഥാപാത്രങ്ങൾക്ക് യോജിക്കുന്നതല്ല. ഒരു കഥാപാത്രം ഹിറ്റാകണമെങ്കിൽ അഭിനയ മികവ് മാത്രം പോര, ശബ്ദവും വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കിൽ കഥാപാത്രങ്ങളെ കൊല്ലുന്നതിന് തുല്യമായിരിക്കും. അതിന് ഞാൻ തയാറല്ല”- അനുഷ്ക പറയുന്നു.
അനുഷ്കയുടെ ആരാധകർക്ക് ആർക്കും ഇതുവരെ അറിയാത്ത ഒരു രഹസ്യമായിരുന്നു ഇത്. അതാണിപ്പോൾ താരം തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്. ദേവസേനയും അരുന്ധതിയും ബാഗമതിയുമെല്ലാം സംസാരിക്കുന്നത് അനുഷ്കയുടെ ശബ്ദത്തിലാണെന്നാണ് ഇതുവരെ പ്രേക്ഷകർ കരുതിയിരുന്നത്.തെന്നിന്ത്യയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായിക ഏതെന്നു ചോദിച്ചാൽ എല്ലാവരും രണ്ടാമതൊന്ന് ചിന്തിക്കാതെ ഒറ്റ ശ്വാസത്തിൽ പറയുന്ന പേര് അനുഷ്ക ഷെട്ടിയുടേതായിരിക്കും.