കോഴിക്കോട്: അന്തരിച്ച രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ സംസ്കാരം വെള്ളിയാഴ്ച വയനാട് കൽപ്പറ്റയിൽ നടക്കും. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ കൽപ്പറ്റയിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയത്തിന് അപ്പുറം എഴുത്തിലും പ്രഭാഷണത്തിലും തുടങ്ങി വിവിധ മേഖലകളിൽ വിരാജിച്ചുനിന്ന വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറിന്റേത്.
അനുശോചിച്ച് നേതാക്കൾ
തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. രാഷ്ട്രീയമായി ഭിന്നചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ സാഹിത്യ- മാധ്യമ രംഗത്തെ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ. കേരള രാഷ്ടീയത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സാധാരണക്കാരന്റെ പ്രശ്നനങ്ങൾ ഉയർത്തിപ്പിടിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിലെ തന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും കരുത്ത് പകർന്നിട്ടുള്ള ധീരനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല അനുസ്മരിച്ചു.
കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വേര്‍പാടില്‍ തനിക്ക് അഗാധമായ ദുഃഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു.
എം.പി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാൻ വാക്കുകളില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വ്യക്തിപരമായി എല്ലാ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്റെതെന്ന് മന്ത്രി അനുസ്മരിച്ചു.
സാംസ്കാരിക കേരളത്തിന്റെ നഷ്ടമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപിയും മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവിനെയാണ് നഷ്ടമായതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും പറഞ്ഞു.