ഫുട്ബോൾ താരവും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന വി. പി.സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റൻ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. നവാഗതനായ പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തത്. വി.പി. സത്യനായി ജയസൂര്യയും അനിതാ സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്.
സത്യനായി അഭിനയിച്ചപ്പോൾ അനുസിത്താരയെ തല്ലിയ കാര്യത്തെക്കുറിച്ച് ജയസൂര്യ വെളിപ്പെടുത്തിയിരിക്കുന്നു. ഒരുപാട് ഇമോഷൻസിലൂടെയാണ് അഭിനയിച്ചത്. ഇതിനിടെ നായികയായി അഭിനയിച്ച അനു സിത്താരയെ ശരിക്കും തല്ലിപ്പോയിയെന്ന് ജയസൂര്യ പറയുന്നു. റിഹേഴ്സൽ ഒന്നുമില്ലാതെ ചെയ്ത ഷോട്ട് ആയിരുന്നു അത്. ഷോട്ട് കഴിഞ്ഞപ്പോഴാണ് ശരിക്കും അനുവിനെ തല്ലിയല്ലോ എന്നോർത്തത്.
എന്ത് പറയുമെന്ന് ആലോചിച്ച് നിന്നുപോയി. പക്ഷേ ആ കുട്ടി വളരെ കൂൾ ആയി പറഞ്ഞു, ചേട്ടൻ ചെയ്തതാണ് ശരി, അല്ലെങ്കിൽ ഒരിക്കലും അതിന് ഒരു യാഥാർഥ്യത തോന്നില്ലെന്ന്. അത്തരത്തിലുള്ള അഭിനേതാക്കൾ ഉള്ളതാണ് ബലം. ശരിക്കും അതിശയം തോന്നി. പക്വതയോടെയാണ് അനു തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാറെന്നും ജയസൂര്യ പറഞ്ഞു.