വിഷ്ണു ഏട്ടനാണ്‌ ധൈര്യം! നാലു വര്‍ഷം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് കൂട്ടുകാരനെ വിവാഹം കഴിച്ച തേപ്പുകാരി; അനുസിതാര മനസുതുറക്കുന്നു

വയനാട് കല്‍പറ്റയിലെ വീടിന്റെ ഉമ്മറത്ത് ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛനെ കാത്തിരിക്കുക കുഞ്ഞ് അനുവിന്റെ ശീലമാണ്. ദൂരെ അച്ഛനെ കാണുമ്പോള്‍ അനു ഓടിച്ചെന്നു ചോദിക്കും ‘അച്ഛാ, നാളെ നാടകമുണ്ടോ?’ ഉണ്ടെന്നാണു മറുപടിയെങ്കില്‍ ആള് ഉഷാറാകും. പിന്നെ അടുത്ത ദിവസം വൈകുന്നേരമായിക്കിട്ടാനുള്ള പ്രാര്‍ഥനയാണ്. നാടക പ്രേമിയായ അച്ഛന്‍ അബ്ദുള്‍ സലാമിന്റെ വിരലില്‍ തൂങ്ങി, അച്ഛന്‍ അഭിനയിക്കുന്ന നാടകങ്ങള്‍ കാണാന്‍ പോകുന്നതായിരുന്നു അനുവിന് ഏറ്റവുമിഷ്ടം.

അരങ്ങില്‍ അച്ഛന്‍ വിവിധ കഥാപാത്രങ്ങളായി മാറുമ്പോള്‍ കാണികള്‍ക്കിടയിലിരുന്ന് അനു ആവേശത്തോടെ കൈയടിക്കും. ചെറുപ്പം മുതല്‍ കലയോടു ചേര്‍ന്നു നിന്ന്, നൃത്തത്തെയും അഭിനയത്തെയും സ്‌നേഹിച്ച ആ പെണ്‍കുട്ടി ഇന്ന് കല്പറ്റക്കാര്‍ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു പ്രിയങ്കരിയാണ്.

ഹാപ്പി വെഡ്ഡിംഗില്‍ തേപ്പുകാരിയായി എത്തി, മാലിനിയായും അനിത സത്യനായും ഹാഷ്മിയായുമെല്ലാം നുടെ വീട്ടിലെ കുട്ടിയായി മാറിയ താരമാണ് അനു സിത്താര.

തേപ്പുകാരിയും ട്രോളന്മാരും

നാലു വര്‍ഷം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് കൂട്ടുകാരനെ വിവാഹം കഴിച്ച തേപ്പുകാരി എന്ന ടാഗ് ലൈന്‍ ചാര്‍ത്തിക്കിട്ടിയ നടിയാണ് അനു സിത്താര.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള എന്റെ അരങ്ങേറ്റം. ഹാപ്പി വെഡ്ഡിംഗില്‍ എത്തുന്നതിനു മുന്‍പ് ഞാന്‍ വേറെയും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. പക്ഷേ എന്നെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയത് ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയായാണ്.

ഷാഹിന എന്നു പറയുന്നതിനേക്കാള്‍ തേപ്പുകാരി എന്നു പറയുന്നതാണ് എല്ലാവര്‍ക്കും മനസിലാകാന്‍ എളുപ്പം. അന്നു ഞാന്‍ വാങ്ങിക്കൂട്ടിയ ട്രോളുകള്‍ക്കൊന്നും കണക്കില്ല. എങ്കിലും എനിക്കു വലിയ സങ്കടമൊന്നും ഇല്ലായിരുന്നു. മാത്രമല്ല ഒരുപാട് സന്തോഷം തോന്നുകയും ചെയ്തു.

ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയാണ് തേപ്പുകാരി എന്ന ടാഗ് വാങ്ങിത്തന്നത്. ഷാഹിനയോട് എനിക്ക് എന്ത് ഇഷ്ടാണെന്നോ? ഇപ്പോള്‍ ഒരുപാട് തേപ്പുകാരി കഥാപാത്രങ്ങള്‍ വരുന്നുണ്ടെങ്കിലും എന്നെയും ഷാഹിനയേയും വിടാന്‍ ട്രോളന്മാര്‍ക്ക് യാതൊരു ഭാവവുമില്ല. ഈ പറയുന്ന മിക്ക ട്രോളുകളും ഞാന്‍ കാണാറുണ്ട്. എല്ലാം വായിച്ച് ആസ്വദിച്ച് ചിരിക്കാറുമുണ്ട്. ചില തൊക്കെ കാണുമ്പോള്‍ വിഷമം തോന്നും. പക്ഷേ അത് അപ്പോള്‍ തന്നെ മറന്നുകളയും. അല്ലാതെയുള്ള എല്ലാ ട്രോളുകളും കമന്റുകളും എനിക്ക് ഇഷ്ടമാണ്. ചില കമന്റിനൊക്കെ റിപ്ലെ കൊടുക്കാറുമുണ്ട്.

വഴിത്തിരിവായത് മാലിനി

മാലിനി… രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി. എന്നെ ഇപ്പോഴും വിട്ടുപോയിില്ലാത്ത കഥാപാത്രമാണ് മാലിനി. ഞാന്‍ ചെയ്തിട്ടുള്ളതില്‍ എന്റെ പേഴ്‌സണല്‍ ഫേവറിറ്റ് കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ മാലിനി. അതിനു കാരണങ്ങള്‍ അനവധിയാണ്. എന്നെ ഇന്നും മാലിനിയായി മാത്രം തിരിച്ചറിയുന്നവരാണ് കൂടുതലും എന്നതു തന്നെയാണ് പ്രധാന കാരണം. മാത്രമല്ല, ഒരുപാടു പേര്‍ക്കു പ്രചോദനം കൂടിയാണ് മാലിനി. ഇടയ്ക്ക് ഷൂട്ടിംഗിനു വേണ്ടി ഞാന്‍ ഒരു ലൊക്കേഷനില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് പരിചയപ്പെതുപോലും മാലിനി അല്ലേ എന്നു ചോദിച്ചാണ്.

‘മൂന്നു കുട്ടികളൊക്കെ ആയപ്പോള്‍ ഞാന്‍ എന്റെ ഇഷ്ടങ്ങളൊക്കെ മറന്ന് കുടുംബം, കുട്ടികള്‍ എന്നൊക്കെ പറഞ്ഞ് ജീവിത ത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ അതങ്ങു നിന്നു പോയി. പക്ഷേ, രാമന്റെ ഏദന്‍തോട്ടം കണ്ടതിനു ശേഷം ഞാന്‍ എനിക്കു വേണ്ടി സമയം നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ വീണ്ടും ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. മാലിനിയാണ് പ്രചോദനം’ ആ ചേച്ചി പറഞ്ഞു.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുപോലെ എത്രയോ പേര്‍ക്ക് മാലിനി പ്രചോദനമായിട്ടുണ്ടാകും. ഞാനും അതിന്റെ ഒരു ഭാഗമാണല്ലോ. പിന്നെ നായികാപ്രാധാന്യമുള്ള ചിത്രമാണല്ലോ രാമന്റെ ഏദന്‍തോം. ഒരുതരത്തില്‍ പറഞ്ഞാല്‍ മാലിനിയാണ് എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്.

മാലിനിയേയും അനിതയേയും സ്വപ്‌നം കണ്ടിരുന്നു

അഭിനയം തുടങ്ങിയ കാലം മുതല്‍ രണ്ടു കഥാപാത്രങ്ങളാണ് എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഒന്ന്, ഒരു നര്‍ത്തകിയുടെ റോള്‍. നൃത്തമാണ് ജീവനെന്നു കരുതി ജീവിക്കുന്ന ഒരാള്‍. രണ്ട്, ഇമോഷണലി ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു കഥാപാത്രം. വിവിധ തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീ. ഇതു രണ്ടുമായിരുന്നു എന്റെ ഡ്രീം റോളുകള്‍.

കരിയറിന്റെ തുടക്കത്തില്‍ തന്നെ ഈ രണ്ട് കഥാപാത്രങ്ങളും എന്നെ തേടിയെത്തി എന്നത് എന്റെ ഭാഗ്യമാണ്. ഇന്നും വാത്സല്യം പോലുള്ള സിനിമകള്‍ ടിവിയില്‍ വന്നാല്‍ നമ്മള്‍ കാണും. അതിലെ ഓരോ കഥാപാത്രത്തേയും ഓര്‍ത്തിരിക്കും. അവര്‍ നമ്മളെ അത്രമാത്രം ഇമോഷണലി ടച്ച് ചെയ്യുന്നതു കൊണ്ടല്ലേ അങ്ങനെ. ചെറുതെങ്കിലും, അതുപോലൊരു കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു. രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയിലൂടെ ആദ്യത്തെ ആഗ്രഹവും ക്യാപ്റ്റനിലെ അനിത സത്യനിലൂടെ രണ്ടാമത്തെ ആഗ്രഹവും സാധിച്ചു. അതും അധികം ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണല്ലോ.

മാമാങ്കത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ഭാഗ്യം

നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുട്ടനാടന്‍ ബ്ലോഗിനുശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് മാമാങ്കം. അതിന്റെ ത്രില്ല് എത്ര പറഞ്ഞാലും തീരില്ല. പിന്നെ ചരിത്ര സിനിമകള്‍ വല്ലപ്പോഴുമല്ലേ മലയാളത്തില്‍ വരുന്നത്. അതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. തത്കാലം കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പറയുന്നില്ല.

ഡാന്‍സ് എനിക്ക് ജീവനാണ്

ചെറുപ്പം മുതലേ ഞാന്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. അമ്മ രേണുക സലാം നൃത്താധ്യാപികയാണ്. അമ്മ തന്നെയാണ് ആദ്യ ഗുരു. എനിക്ക് ജീവിതത്തില്‍ ഏറ്റവും ആദ്യം കിട്ടിയ സമ്മാനവും ഡാന്‍സിന് ആയിരുന്നു. ഒരു കുഞ്ഞ് ആനക്കുട്ടി. കുറേക്കാലം അതു സൂക്ഷിച്ചു വച്ചിരുന്നു. ഇതൊക്കെ അമ്മ പറഞ്ഞുള്ള ഓര്‍മയാണ്. പൊട്ടാസ് ബോംബിലൂടെയായിരുന്നു അരങ്ങേറ്റം.

ഡാന്‍സിലൂടെയാണ് ആ അവസരവും എന്നെ തേടിയെത്തിയത്. ഇപ്പോള്‍ മുന്‍പത്തെപ്പോലെ പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടാറില്ല. പിന്നെ പ്രോഗ്രാമുള്ളപ്പോള്‍ മുഴുവന്‍ സമയവും അതിനായി നീക്കി വയ്ക്കും. കല്പറ്റയില്‍ ഒരു ഡാന്‍സ് സ്‌കൂളുണ്ട്. നവരസ എന്നാണ് പേര്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ ഞാന്‍ മിക്കവാറും അവിടെ പോകാറുണ്ട്.

ഇടം, വലം രണ്ടുപേര്‍

എന്തു കാര്യവും തുറന്നു പറയാവുന്ന, ഏത് അവസ്ഥയിലും ഒപ്പം നില്‍ക്കുന്ന, മനസിലാക്കുന്ന രണ്ടുപേര്‍ എന്റെ ഇടം, വലമുണ്ട്. നിമിഷ സജയനും അതിഥിയും. അവരാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. കുപ്രസിദ്ധ പയ്യനില്‍ അഭിനയിക്കുമ്പോഴാണ് ഞാനും നിമിഷയും തമ്മില്‍ പരിചയപ്പെടുന്നത്. ഇപ്പോള്‍ അതിഥിയും നിമിഷയും ചങ്കാണ്. എന്തു കാര്യവും ഞങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കും.

അതിനു പ്രത്യേക വിഷയം ഒന്നും വേണമെന്നില്ല. എറണാകുളത്തുണ്ടെങ്കില്‍ സിനിമയ്ക്ക് പോകുന്നതും ഷോപ്പിംഗും കറക്കവുമൊക്കെ ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണ്. നിമിഷയും അതിഥിയുമാണ് എന്റെ ഏറ്റവും നല്ല വിമര്‍ശകര്‍. പുതിയ സിനിമയെക്കുറിച്ചും റിലീസായ സിനിമയെക്കുറിച്ചുമുള്ള അഭിപ്രായങ്ങളൊക്കെ ഞങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സൗഹൃദങ്ങളുണ്ടെങ്കില്‍ നമ്മള്‍ എപ്പോഴും ലൈവ് ആയിരിക്കും.

വിഷ്ണു ഏട്ടനാണ്‌ ധൈര്യം

ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണു ഏട്ടന്‍ എന്നെ പ്രപ്പോസ് ചെയ്യുന്നത്. പക്ഷേ അന്ന് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഭയങ്കര ജാഡയൊക്കെ ഇട്ട് നടന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് എന്റെ ഇഷ്ടം തുറന്നുപറഞ്ഞത്.

അന്നു മുതല്‍ ദാ ഈ നിമിഷം വരെ വിഷ്ണു ഏട്ടനാണ് എനിക്കെല്ലാം. വിവാഹത്തിനു മുന്‍പ് ഞാന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. പ്രണയിക്കുന്ന സമയത്ത് ഞങ്ങള്‍ തമ്മില്‍ തുടര്‍ന്ന് അഭിനയിക്കുന്ന തിനെക്കുറിച്ചോ അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ചോ ഒന്നും സംസാരിച്ചിട്ടേയില്ല. വിവാഹശേഷവും സിനിമകള്‍ വന്നു. അതില്‍ നല്ല സിനിമകള്‍ ചെയ്തു.

രാമന്റെ ഏദന്‍തോട്ടത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. മാലിനി എന്ന കഥാപാത്രത്തെ ഡിപന്‍ഡ് ചെയ്താണ് ആ സിനിമ നില്‍ക്കുന്നത്. അത്രയും പവര്‍ഫുള്‍ ആയ ഒരു കഥാപാത്രം എന്റെ കൈയില്‍ നില്‍ക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ഒരുറപ്പുമില്ലായിരുന്നു. പേടിയുണ്ടായിരുന്നെങ്കിലും ആ അവസരം നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറായിരുന്നില്ല. നിനക്ക് പറ്റും എന്നു പറഞ്ഞ് ഏട്ടന്‍ ഒപ്പം നിന്നു. ഇപ്പോഴും എന്തെങ്കിലും ടെന്‍ഷനുണ്ടായാല്‍ എനിക്ക് ധൈര്യം തരുന്നത് വിഷ്ണു ഏട്ടനാണ്.

കുടുംബം

കല്പറ്റ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് അച്ഛന്‍. അച്ഛന്‍ വലിയ നാടകപ്രേമിയാണ്. നന്നായി അഭിനയിക്കുകയും ചെയ്യും. എന്റെ കുട്ടിക്കാലത്തൊക്കെ ജോലിക്കിടയിലും അച്ഛന്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോകുമായിരുന്നു. എന്നേയും അനിയത്തിയേയും അച്ഛന്‍ ഒപ്പം കൂട്ടാറുണ്ടായിരുന്നു.

കുട്ടിക്കാലത്തെ ഏറ്റവും രസമുള്ള ഓര്‍മകളാണ് അതൊക്കെ. ഞാന്‍ അഭിനയിക്കുന്നതിന് അച്ഛനും അമ്മയും ഫുള്‍ സപ്പോര്‍ട്ടാണ്. അവര്‍ തന്നെയാണ് എന്റെ പ്രചോദനവും. രണ്ടുപേരും കലാരംഗവുമായി ചേര്‍ന്നു നില്‍ക്കുന്നവരായതുകൊണ്ട് എന്നെ മനസിലാക്കാന്‍ സാധിക്കും.

ടോവിനോയെ നായകനായി സലീം അഹമ്മദ് ഒരുക്കുന്ന ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു ആണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം. മാമാങ്കത്തിനു ശേഷം കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്താനുള്ള ഒരുക്കത്തിലാണ് അനു ഇപ്പോള്‍. മറ്റു ഭാഷകളില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തിയാല്‍ സിനിമ ചെയ്യാനും പ്ലാനുണ്ട്.

അഞ്ജലി അനില്‍കുമാര്‍

Related posts