മലയാളത്തിലെ ശാലീനസുന്ദരിയായിട്ടാണ് അനുശ്രീ സിനിമാ ലോകത്തെത്തിത്. ഇതിഹാസ, ഒപ്പം പോലുള്ള ചിത്രങ്ങൾ ചെയ്തതോടെ നാടൻ പെണ്ണ് എന്ന ഇമേജ് മാറി. രണ്ട് ചിത്രങ്ങളിൽ ’തേപ്പുകാരി’യായതോടെ ആ പേരു പൂർണമായും തുടച്ചുമാറ്റാനും അനുശ്രീക്ക് സാധിച്ചു.
മോഹൻലാലിനൊപ്പമുള്ള രണ്ട് സിനിമകൾ ഉപേക്ഷിച്ച നടിയാണ് അനുശ്രീ എന്ന സത്യം എത്രപേർക്കറിയാം. ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്. അനുശ്രീ കൈവിട്ട ചിത്രങ്ങളിൽ മലയാളത്തിൽ ചരിത്രനേട്ടം കൊയ്ത പുലിമുരുകനും ഉൾപ്പെടും. ലാലേട്ടനൊപ്പം റെഡ് വൈൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അതിന് ശേഷം കനൽ എന്ന സിനിമയിലേക്കും വിളിച്ചെങ്കിലും എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല.
ഒരു ഞരന്പിന്റെ പ്രശ്നം കാരണം ഇടത് കൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇതിഹാസ എന്ന ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളൊക്കെ ചെയ്തപ്പോൾ അതു കൂടി. സിനിമയുടെ പ്രമോഷന് വേണ്ടി വിളിക്കുന്പോൾ ഞാൻ കൈയ്ക്ക് സർജറി കഴിഞ്ഞ് കിടപ്പിലായിരുന്നു. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലേക്ക് വിളിക്കുന്പോൾ കൈയുടെ പ്രശ്നം പറഞ്ഞ് ഞാൻ ഒഴിഞ്ഞിരുന്നു. പക്ഷെ ഇനിയും നാല് മാസമുണ്ട്, അനുശ്രീ സമയമെടുത്തോളൂ എന്ന സിഥാർഥ് പറഞ്ഞു. ഫിസിയോതെറാപ്പി ചെയ്ത് കുറച്ച് ഓകെ ആയതിന് ശേഷമാണ് ചന്ദ്രേട്ടനിൽ അഭിനയിച്ചത്. അതിന്റെ ഷൂട്ടിംഗിനിടയിലും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ടായിരുന്നു.
പുലിമുരുകനിലെ നായികാ വേഷം നഷ്ടപ്പെട്ടതിൽ വലിയ വിഷമം തോന്നി. കഥ പറയുന്പോഴാണ് ആക്്്ഷൻ സിനിമയാണെന്ന് അറിയുന്നത്. സർജറി കഴിഞ്ഞതു കാരണം ആ സിനിമ ചെയ്യാൻ ഡോക്ടർ സമ്മതിച്ചില്ല. പിന്നീടാണ് ഈ കഥാപാത്രമാകാൻ കമലാനി മുഖർജി എത്തിയത്. പിന്നീട് സിനിമ കണ്ടപ്പോൾ വലിയ വിഷമം തോന്നി. പിന്നീടാണ് ഒപ്പം എന്ന ചിത്രം വന്നത്.
ലൊക്കേഷനിൽ എന്നെ കണ്ടപ്പോൾ ലാലേട്ടൻ ആദ്യം ചോദിച്ചത് ഒടുവിൽ നീ വന്നു അല്ലേ എന്നാണ്. അതെന്താ സംഗതി എന്ന് പ്രിയദർശൻ സാർ ചോദിച്ചപ്പോൾ ലാലേട്ടൻ പറഞ്ഞു, എപ്പോൾ വിളിച്ചാലും ഇവൾക്ക് തോൾ വേദനയാണെന്ന് പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്. തോളുകൊണ്ടാണോ അഭിനയിക്കുന്നത് എന്നൊക്കെ ചോദിച്ച് അവരെന്നെ ഒത്തിരി കളിയാക്കി- അഭിമുഖത്തിൽ അനുശ്രീ പറഞ്ഞു.