ദിലീപേട്ടനാണ് അത് ചെയ്തതെന്ന് അവര്‍ പരസ്യമായി മൈക്കിലൂടെ പ്രസംഗിച്ചു! ഇനി അദ്ദേഹമല്ല അത് ചെയ്തതെന്ന് തെളിഞ്ഞാല്‍ അതൊക്കെ തിരിച്ചെടുക്കാന്‍ അവര്‍ക്ക് സാധിക്കുമോ; നടി അനുശ്രീ ചോദിക്കുന്നു

ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സിനിമയിലെ സ്ത്രീകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന തുടങ്ങിയത്. സിനിമയിലെ സ്ത്രീകളുടെ വിവിധ ആവശ്യങ്ങളും പരാതികളും പരിഗണിക്കാന്‍ എന്ന പേരിലാണ് ഈ സംഘടനയ്ക്ക് തുടക്കമായത്. എന്നാല്‍ മലയാള സിനിമയിലെ പല വനിതകളും സംഘടനയില്‍ അംഗമായിട്ടുമുണ്ടായിരുന്നില്ല.

പലരും സംഘടനയുടെ ദുരുദ്ദേശങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി അനുശ്രീ സംഘടനയെ തള്ളി രംഗത്തെത്തിയിരിക്കുന്നു. സിനിമയില്‍ വനിത സംഘടനയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് നടി അനുശ്രീ പറഞ്ഞത്. നിലവില്‍ സ്ത്രീസംഘടനയില്‍ അംഗമല്ലാത്ത ആളാണ് താനെന്നും അവിടെ പോയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്.

അനുശ്രീ പറഞ്ഞതിങ്ങനെ…

ആ സംഘടനയെക്കുറിച്ച് മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതില്‍ അംഗമാകണമെന്നോ, ഒരുകാര്യം അവിടെ പോയി പറഞ്ഞ് അത് ഈ രീതിയില്‍ മാറ്റണമെന്നോ അല്ലെങ്കില്‍ അവര്‍ ഇവരെ താഴ്ത്തുന്നു ഇവര്‍ പൊക്കുന്നു എന്നൊക്കെ പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.

എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ അവര്‍ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഇതൊക്കെ ഇവര്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ?

പറയാന്‍ നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പറയുക. കൂട്ടായ്മ എന്തുമാകട്ടെ, എന്നാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപറയരുത്.

കൂട്ടായ്മകള്‍ ഉണ്ടാകട്ടെ, സിനിമയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ച്ച ഉണ്ടാകട്ടെ. പക്ഷേ അതിനകത്തെ ചീത്തയും പ്രശ്‌നങ്ങളും അതിനകത്ത് നില്‍ക്കണം. നമ്മുടെ വീട്ടില്‍ ഒരുപ്രശ്‌നമുണ്ടായാല്‍ നമ്മളറിഞ്ഞാല്‍പോരേ, അപ്പുറത്തെ വീട്ടുകാര്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ കതക് അടക്കണം. അതേപോലെ ഒരു പ്രശ്‌നമുണ്ടെങ്കില്‍, അത് അയാള്‍ ആണെന്ന് ഉറപ്പാണെങ്കില്‍ മാത്രം കാര്യങ്ങള്‍ സംസാരിക്കുക. ജനപ്രിയ നടിയായ അനുശ്രീയുടെ പ്രസ്താവന വരും ദിവസങ്ങളില്‍ മലയാള സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും എന്നാണ് കരുതേണ്ടത്.

Related posts