തിരുവനന്തപുരം: രണ്ടു ചിക്കന്‍ പഫ്‌സിനും ഒരു കട്ടന്‍ ചായയ്ക്കും 680 രൂപ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലഘുഭക്ഷണശാല ഈടാക്കിയെന്ന നടി അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വാര്‍ത്തിയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്. ഇത്രയും തുക ഈടാക്കിയ ലഘുഭക്ഷണശാലയ്‌ക്കെതിരേ അന്വേഷണത്തിനും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കിച്ചണ്‍ റസ്‌റ്റോറന്റിനെതിരായാണ് നടപടി. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്‌റ്റോറന്റ് മാനേജര്‍, ഉപഭോക്തൃകാര്യ സെക്രട്ടറി, ഭക്ഷ്യസുരക്ഷ കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കേസ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസിന്റേതാണ് ഉത്തരവ്.
റസ്‌റ്റോറന്റില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് വിലവിവരം അടങ്ങിയ മെനു നല്‍കാറില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അര്‍ധ രാത്രിയിലും പുലര്‍ച്ചെയും വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് കഴിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല. റസ്‌റ്റോറന്റില്‍ കട്ടന്‍ ചായയ്ക്ക് 80 രൂപയും പഫ്‌സിനും ദോശയ്ക്കും 250 രൂപയും വീതമാണ് ഈടാക്കുന്നതെന്നുമായിരുന്നു പരാതി.
കഴിഞ്ഞ സെപ്റ്റംബര്‍ 23ന് അനുശ്രീ ഫേസ്ബുക്കിലൂടെയാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ‘എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ, ഇങ്ങനെ അന്തംവിടീക്കല്ലേ’ എന്നായിരുന്നു അനുശ്രീയുടെ പോസ്റ്റ്. റസ്‌റ്റോറന്റില്‍ നിന്നും ലഭിച്ച ബില്ലിന്റെ ചിത്രവും പോസ്റ്റിന് ഒപ്പം നല്‍കിയിരുന്നു. അധികാരപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി ശരിയായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുശ്രീ പോസ്റ്റില്‍ കുറിച്ചിരുന്നു.