പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. മുന്പ് തന്നെത്തേടിയെത്തിയ ഒരു സിനിമ വേണ്ടെന്ന് വച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് നടി ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമയായിരുന്നു പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ് കൃഷ്ണയായിരുന്നു തിരക്കഥയൊരുക്കിയത്. മലയാള സിനിമയെ ആദ്യമായി 100 കോടി ക്ലബിലേക്കെത്തിച്ചുവെന്ന നേട്ടവും ഈ ചിത്രത്തിന് സ്വന്തമാണ്.
ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രത്തിൽ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സംവിധായകൻ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെയായിരുന്നു. എന്നാൽ താരത്തിന് ആ കഥാപാത്രത്തെ സ്വീകരിക്കാൻ കഴിയാതെ വരികയായിരുന്നു.
അതേക്കുറിച്ചായിരുന്നു താരം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത്. സിനിമ ഒഴിവാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും അനുശ്രീ തുറന്നുപറഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം ആയിരുന്നു അത്. ഉയരത്തിൽ നിന്നു ചാടേണ്ട സീനൊക്കെയുണ്ടെന്ന് അറിഞ്ഞതോടെയാണ് ആ സിനിമ വേണ്ടെന്ന് വച്ചത്.
എന്നാൽ ഒരുപാട് നാളുകൾ കഴിഞ്ഞാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ ഇത്രയുമധികം സമയം എടുക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ ചെയ്യുമായിരുന്നുവെന്ന് വൈശാഖേട്ടനോട് പറഞ്ഞിരുന്നു. ഓരോ അരിമണിയിലും പേര് എഴുതിയിട്ടുണ്ടല്ലോ, കമാലിനി മുഖർജിയുടെ പേരായിരുന്നു അതിൽ എഴുതിയത്.
റിലീസായ അന്നു തന്നെ പുലിമുകണ്ടിരുന്നു. എനിക്ക് പറഞ്ഞുവച്ച കഥാപാത്രത്തിന്റെ കാര്യത്തെക്കുറിച്ച് അറിയണമായിരുന്നു. വെള്ളച്ചാട്ടത്തിൽ ചാടുന്നതും പോലീസ് ഓഫീസറുമായുള്ള ഫൈറ്റുമൊക്കെ ഉള്ളതുകൊണ്ടാണ് താൻ സിനിമ ഒഴിവാക്കിയത്. ആ സിനിമ ആദ്യകാഴ്ചയിൽ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. അരുവിയിൽ വച്ച് പുലിമുരുകനെ എലിമുരുകൻ എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ. ഇതൊക്കെ താനും പറഞ്ഞ് നോക്കിയിട്ടുണ്ട്.
എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെല്ലാം കണ്ണാടിക്ക് മുന്നിൽ വച്ച് പെർഫോം ചെയ്ത് നോക്കും. ആ ഡയലോഗ് ഞാൻ പറയേണ്ടതായിരുന്നില്ലേ എന്ന് ചിന്തിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ടി വന്നത് ആരോഗ്യപ്രശ്നങ്ങൾ കാരണമല്ലേ എന്നും ഓർക്കാറുണ്ട്. സിനിമയുടെ രണ്ടാം ഭാഗം ഒരുക്കിയാൽ എന്നെ വിളിക്കണമെന്ന് വൈശാഖേട്ടനോട് പറഞ്ഞിട്ടുണ്ടെന്നും അനുശ്രീ പറഞ്ഞു.