നാടന്‍ കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് എത്തിയ അനുശ്രീ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ വന്നകാലത്ത് കണ്ട അതേ ലുക്കിലാണ് അനുശ്രീ ഇപ്പോഴും. എങ്ങനെയാണ് ഈ സൗന്ദര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചോദിച്ചാല്‍ രസകരമായ ഉത്തരമാണ് അനുശ്രീയ്ക്ക് പറയാനുള്ളത്.
പത്തു വര്‍ഷം മുന്‍പ് സിനിമയിലേക്ക് വരുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. കാമറയെ ഫേസ് ചെയ്തിട്ടുള്ള അനുഭവങ്ങളോ അതിനുവേണ്ടിയുള്ള തയാറെടുപ്പോ ഒന്നും ചെയ്തിട്ടില്ല. സൗന്ദര്യം കുറച്ചുകൂടി സംരക്ഷിക്കണമെന്നുമൊക്കെ സിനിമയില്‍ വന്നതിനു ശേഷമാണ് മനസിലാക്കുന്നത്.
കുറച്ചു കൂടി മുന്നോട്ട് വന്നപ്പോള്‍ മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലതെന്ന് എനിക്ക് തന്നെ മനസിലായി തുടങ്ങി. കരിയര്‍ തുടങ്ങി നാലു വര്‍ഷത്തിനുശേഷം അഭിനയിച്ച സിനിമകളില്‍ ഞാന്‍ മേക്കപ്പ് ഇടാതെയാണ് പ്രവര്‍ത്തിച്ചത്. ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്ന സിനിമയിലൊന്നും എനിക്ക് മേക്കപ്പില്ല. സിനിമാ ലൊക്കേഷനില്‍ ഞാനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്.
ഒരു സിനിമയില്‍ രാവിലെ മേക്കപ്പ് ഇട്ടതിന് ശേഷം ഉച്ചയ്ക്ക് ആ കഥാപാത്രത്തിന്റെ അച്ഛനോ അമ്മയോ മരിച്ചെന്നും കഥാപാത്രത്തിന്റെ മേക്കപ്പ് സാധാരണക്കാരിയുടേത് പോലെയാക്കും. അതെങ്ങനെയാണ് അങ്ങനെ ഒരു ദിവസം കൊണ്ട് മുഖത്തെ നിറം പോലും മാറ്റുന്നതെന്നും മരണം അറിഞ്ഞ ഉടനെ ലുക്ക് എങ്ങനെ മാറുമെന്നും ചോദിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി താന്‍ വഴക്ക് കൂടാറുണ്ട്. അതോട് കൂടിയാണ് എനിക്ക് മേക്കപ്പ് തന്നെ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.
ശരിക്കും നമുക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഞാന്‍ ചെയ്യുന്നത് കൂടുതലും നാടന്‍ കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ ലിപ്സ്റ്റിക് കൂടിയാല്‍ തന്നെ അത് മാറ്റിക്കോളാന്‍ പറയും. അതിലുംഭേദം അല്ലാണ്ട് പോയി അഭിനയിക്കുന്നതാണ്. ഓരോ സീന്‍ കഴിയുമ്പോഴും മുഖം മാത്രം കഴുകിയിട്ട് പോയി ഞാന്‍ അഭിനയിക്കാറുണ്ട്. ഞാനതില്‍ കംഫര്‍ട്ടാണ്. അങ്ങനെ എന്നെ സ്ക്രീനില്‍ കാണുമ്പോള്‍ ഞാനും ഓക്കെയാണ്.
സിനിമയില്‍ വരുമ്പോള്‍ നമ്മുടെ സ്കിന്നും ശരീരവും ഏറ്റവും പ്രധാന്യമുള്ള കാര്യമാണ്. അതനുസരിച്ച് തന്നെ കെയര്‍ ചെയ്യാറുണ്ട്. പിന്നെ എന്തെങ്കിലും ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ തടി വെക്കുന്ന പ്രകൃതമല്ല എന്റേത്. തടി വയ്ക്കുന്നത് കൂടുതല്‍ അറിയാന്‍ സാധിക്കുന്നത് മുഖത്താണ്. കവിള് തുടുത്ത് വരുന്നുണ്ടെങ്കില്‍ തടി കൂടിയതാണ്.
അതുപോലെ ഭാരം കുറഞ്ഞാലും മുഖത്തായിരിക്കും അത് കാണാന്‍ സാധിക്കുക. പൊതുവേ എല്ലാവരും ബേക്കറി സാധനങ്ങളും ചോക്ലേറ്റുമൊക്കെ കഴിച്ചിട്ടാണ് തടി വയ്ക്കുന്നത്. എനിക്ക് അതൊന്നും ഇഷ്ടമല്ല. മധുരം പൊതുവേ ഇഷ്ടമില്ല. എനിക്ക് എരിവാണ് ഇഷ്ടം. ചോറ് കഴിക്കുമ്പോഴും എനിക്ക് അതിനൊപ്പം ഒരു പച്ചമുളക് വേണം. നോണ്‍വെജ് ഐറ്റംസ് കഴിക്കും- അനുശ്രീ
പറയുന്നു.