ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായാണ് നടി എത്തിയിരുന്നത്. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് അനുശ്രീ കാഴ്ചവച്ചത്.
അഭിനയ റിയാലിറ്റി ഷോയിൽ മൽസരാർഥിയായി പങ്കെടുത്ത ശേഷമാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഡയമണ്ട് നെക്ലേസ് പുറത്തിറങ്ങി ഏട്ട് വർഷം പിന്നിട്ടിരിക്കുകയാണ്. സിനിമയുടെ ഏട്ടാം വാർഷികത്തിൽ ലാൽജോസിന് നന്ദി പറഞ്ഞുകൊണ്ടുളള അനുശ്രീയുടെ ഇൻസ്റ്റഗ്രാം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
ഡയമണ്ട് നെക്ലേസിന്റെ പോസ്റ്ററും നന്ദി കുറിപ്പിനൊപ്പം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അനുശ്രീയുടെ വാക്കുകളിങ്ങനെ: ലാൽജോസ് മേച്ചേരി എന്ന സംവിധായകനിലൂടെ, എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ, സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു എട്ടു വർഷം.
എന്റെ ആദ്യ സിനിമ റിലീസ് ആയതു എട്ടു വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്. ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബ് ചെയ്തത്, തിയറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ലാം എല്ലാം എല്ലാം ഇപ്പഴും മനസിൽ ഉണ്ട്.
എല്ലാവരോടും ഒരുപാട് നന്ദി. എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും. പ്രത്യേകിച്ച് ലാൽസാറിനോട്. ലാൽ സാർ… അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു. ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്.
അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഡയമണ്ട് നെക്ലേസിന് പിന്നാലെ മോളിവുഡിലെ മുൻനിര താരങ്ങളുടെയെല്ലാം നായികയായി അനുശ്രീ തിളങ്ങിയിരുന്നു.
പ്രതി പൂവൻ കോഴി, മൈ സാന്റ തുടങ്ങിയ സിനിമകളായിരുന്നു അനുശ്രീയുടെതായി ഒടുവിൽ തിയറ്ററുകളിലേക്ക് എത്തിയത്. മോളിവുഡിൽ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച താരമാണ് അനുശ്രീ. ഇരുപത്തഞ്ചിലധികം സിനിമകളിൽ അനുശ്രീ മലയാളത്തിൽ അഭിനയിച്ചിരുന്നു.