കോഴിക്കോട്: പി.വി. അൻവറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാനും വസ്തുതകള്‍ തെളിവുകള്‍ സഹിതം പ്രവർത്തകരിലേക്ക് എത്തിക്കാനും ഒരുങ്ങി സിപിഎം. അന്‍വറിന്റെ പരസ്യപ്രസ്താവനകള്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
അന്‍വറിനെതിരായ നടപടി നേതൃത്വം തീരുമാനിക്കും. അതേസമയം പ്രവര്‍ത്തകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന രീതിയിലേക്കായിരിക്കും സിപിഎം കടക്കുക. മുഖ്യമന്ത്രിയെ ഇത്രമാത്രം പരസ്യമായി മറ്റാരും ആക്ഷേപിച്ചിട്ടില്ല. അതിനുള്ള ധൈര്യം സിപിഎം വളര്‍ത്തികൊണ്ടുവന്ന നേതാവിന് എങ്ങിനെ വന്നുഎന്നാണ് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യം.
ഇതിനു മറുപടി എത്രയും പെട്ടെന്ന് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങുമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. അൻവറിന്റെ പരാതിയിൽ പരിശോധന നടന്നു വരികയാണ്. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിന്റെ കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിനു പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണ്. പിണറായിയെ നേരത്തെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി പറയാൻ എന്തു പ്രാതിനിധ്യമാണ് അൻവറിനുള്ളത്. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ല. അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കും. അൻവറിന്റെ നിലപാട് ജനങ്ങൾ തള്ളിക്കളയും.
പൂരം അലങ്കോലപ്പെടുത്തി എന്നതു ശരിയാണ്. അത് ഗൗരവമായി അന്വേഷിക്കും. അൻവർ ആരോപണം ഉന്നയിച്ചപ്പോൾ സുജിത് ദാസിനെതിരേ നടപടി എടുത്തു. അൻവറിനെതിരേ നടപടി പാർട്ടി തീരുമാനിക്കും. അദ്ദേഹത്തെ പാർലമെന്ററി പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടില്ല. പുറത്തു പോകുകയാണെന്ന് അൻവറാണ് പറഞ്ഞത്.
കോൺഗ്രസ് സംസ്കാരം ഉണ്ടായിരുന്നയാളാണ് എംൽഎ. പി.വി. അൻവർ ശത്രുക്കളുടെ കൈയിലെ ആയുധമാണ്. കോടിയേരിയുടെ സംസ്കാരം കുടുംബവുമായും പാർട്ടിയുമായും ആലോചിച്ച് തീരുമാനിച്ച കാര്യമാണെന്നും ടി.പി. രാമകൃഷ്ണന് വ്യക്തമാക്കി.