കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. അന്‍വറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസില്‍ ഒരു വിഭാഗം നടത്തുന്നതിനിടെയുണ്ടായ അറസ്റ്റില്‍ അന്‍വറിനു പൂര്‍ണ പിന്തുണ നല്‍കുകയാണ് നേതാക്കൾ. അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.
അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയിൽനിന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വിട്ടുനിന്നിരുന്നെങ്കിലും പോലീസിന്റെ തിടുക്കപ്പെട്ടുള്ള അറസ്റ്റ് ശരിയായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പൊതുവേയുള്ളത്.
അന്‍വറിന്റെ അറസ്റ്റിനെതിരേ മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും രംഗത്തു വന്നിട്ടുണ്ട്.
ശക്തമായ പ്രതിഷേധത്തിനു തയാറെടുക്കുന്ന അന്‍വര്‍ അനുകൂലികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. ഇന്നു ജാമ്യം ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്താനും ജാമ്യം ലഭിച്ചാല്‍ എംഎല്‍എയ്ക്ക് വലിയ സ്വീകരണം നല്‍കാനുമാണ് പ്രവര്‍ത്തകര്‍ തയാറെടുക്കുന്നത്.
ഇന്ന് രാവിലെ അഡ്വ. പി.പി. സഫറുള്ള മുഖേന നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍വര്‍ ജാമ്യാപേക്ഷ നല്‍കുന്നത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ നിലപാടുകളോടും അദ്ദേഹത്തെ യുഡിഎഫിലേക്കു കൊണ്ടുവരുന്നതിലും നേരത്തെ തന്നെ കെ.സുധാകരനും രമേശ് ചെന്നിത്തലയ്ക്കും അനുകൂലമായ സമീപനമാണ് ഉള്ളത്. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അന്‍വറിനോടു താത്പര്യമില്ല.
കഴിഞ്ഞദിവസം പി.വി.അന്‍വറിന്റെ നേതൃത്വത്തില്വനനിയമ ഭേദഗതിക്കെതിരേ മാനന്തവാടി മുതൽ വഴിക്കടവുവരെ നടത്തിയ ജനകീയ യാത്രയുടെ ഉദ്ഘാടനത്തിന് വയനാട് ഡിസിസി പ്രസിഡന്റിനെയാണു ക്ഷണിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശ പ്രകാരം പിന്മാറി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും പങ്കെടുത്തില്ല. ലീഗ് നേതാക്കളും വിട്ടുനിന്നു.
കരുളായി വനത്തില്‍ ആദിവാസി യുവാവ് മണി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു ജനകീയ പ്രതിഷേധ യാത്ര സംഘടിപ്പിച്ചത്. പ്രതിഷേധ യാത്രയ്ക്കിടെ സമരാനുകൂലികള്‍ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചിരുന്നു. ഈ കേസിലാണ് അന്‍വറിനെ ഒന്നാം പ്രതിയാക്കി നിലമ്പൂര്‍ ഡിവൈഎസ്പി ജി.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടന്നത്.
കണ്ടാലറിയാവുന്ന ഡിഎംകെ പ്രവര്‍ത്തകരായ പത്തുപേര്ക്കെതിരേയും കേസുണ്ട്. ജാമ്യമില്ലാ വകുപ്പാണ് ഇവര്‍ക്കെതിരേയും ചുമത്തിയിട്ടുള്ളത്.14 ദിവസത്തേക്ക് റിമാന്‍ഡിലായ അന്‍വര്‍ നിലവിൽ തവനൂര്‍ സബ് ജയിലിലാണുള്ളത്.
സ്വന്തം ലേഖകന്‍
അന്‍വറിന്റെ അറസ്റ്റിന് അതിവേഗം
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിന് ആഭ്യന്തരവകുപ്പിന് അതിവേഗം. ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം.അൻവറിന്റെ പ്രസംഗത്തിനു പിന്നാലെ മാർച്ച് അക്രമാസക്തമായി. അൻവറിന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു.
വൈകുന്നേരം നാലുമണിയോടെ സംഭവത്തിൽ നിലമ്പൂർ പോലീസ് നടപടികളിലേക്ക് കടന്നു. ആറ് മണിയോടെ അൻവർ ഒന്നാം പ്രതിയായി 11 പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.വൈകുന്നേരം ഏഴിന് അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങി. ഒതായിയിലെ വീടിനു മുന്നിൽ പോലീസ് സന്നാഹമെത്തി.
രാത്രി എട്ടിന് നിലമ്പൂർ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ വീട്ടിലേക്കെത്തി. വീടിനുപുറത്ത് അൻവറിന്റെ അനുയായികളും തടിച്ചുകൂടുന്നുണ്ടായിരുന്നു.പോലീസ് വീടിന് അകത്തേക്കു പ്രവേശിച്ചു. രാത്രി 9.40ഓടെ അറസ്റ്റിനു വഴങ്ങുമെന്ന് അൻവർ പ്രഖ്യാപിച്ചു. പിന്നാലെ വാറണ്ടില്‍ ഒപ്പുവച്ചു. അനുയായികൾ അൻവറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു.
9.45ന് മാധ്യമങ്ങളോടു സംസാരിക്കുന്നത് തടഞ്ഞ ഡിവൈഎസ്പിയോട് എംഎൽഎ തട്ടിക്കയറി. 9.50ഓടെ അൻവറുമായി പോലീസ് സംഘം പുറത്തേക്കെത്തി. 10.15ന് അൻവറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിലും പുറത്തും വൻ പോലീസ് സന്നാഹമുണ്ടായിരുന്നു. രാത്രി 10.40ന് വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിന്റെ വസതിയിലേക്കെത്തിച്ചു.
പിന്നാലെ കോടതി എംഎൽഎയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. 70 കിലോമീറ്റർ അകലെയുള്ള തവനൂർ സെൻട്രൽ ജയിലിലേക്ക് അൻവറുമായി പോലീസ് സംഘം യാത്ര തിരിച്ചു. പുലര്‍ച്ചെ 1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം 2.15ന് അൻവറിനെ വീണ്ടും തവനൂർ സെൻട്രൽ ജയിലിലേക്കെത്തിച്ചു.