കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പി.വി.അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നാളെ തിരുവനന്തപുരത്ത് അൻവറുമായി നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കും. രാവിലെ പത്തിന് കന്റോൺമെന്റ് ഹൗസിലാണ് ചർച്ച.
അൻവറിനെ മുന്നണിയിലെടുക്കാമെങ്കിലും തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസുമായി ഏറ്റുമുട്ടുന്ന തൃണമൂലുമായുള്ള ബന്ധം ദേശീയനേതൃത്വം ഇഷ്ടപ്പെടുന്നില്ല. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയെന്നാണ് അറിയുന്നത്.
തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന അൻവറിന്റെ ആവശ്യമാണ് കോൺഗ്രസിന് തലവേദനയാകുന്നത്. ചർച്ചയിലും അൻവർ ഈ ആവശ്യത്തിലുറച്ചുനിന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം വീണ്ടും ചർച്ച ചെയ്യാമെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മുന്നോട്ടുപോകണമെന്നുമുള്ള നിർദേശം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചേക്കും.
നിലമ്പൂരിലെ വിജയം യുഡിഎഫിനും അൻവറിനും ഒരുപോലെ പ്രധാനമായതിനാൽ അദ്ദേഹം വഴങ്ങുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ അന്‍വറിന്റെ നിലപാടുകള്‍ അവഗണിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
- സ്വന്തം ലേഖകന്‍