കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവർ നിയമലംഘനം നടത്തിയതായി മലപ്പുറം വിവരാവകാശ കൂട്ടായ്മ. തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിനാണ് ആരോപണം.
ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് ഏഴര ഏക്കറും അഞ്ചംഗ കുടുംബത്തിന് 15 ഏക്കറുമാണ് കൈവശം വയ്ക്കാവുന്നത്. എന്നാൽ 207. 84 ഏക്കർ ഭൂമി കൈവശം ഉണ്ടെന്നാണ് എംഎൽഎ സത്യവാങ്ങ്മൂലം നൽകിയത്. മത്സരാർഥികൾ തങ്ങളുടെ ഭൂമിയുടെ അളവ് ഏക്കറിൽ രേഖപ്പെടുത്തുന്പോൾ നിയമലഘനം പെട്ടെന്ന് ശ്രദ്ധയിൽ പെടാതിരിക്കാനായി 440 ചതുരശ്രയടി ഒരു സെന്റ് എന്ന നിലയിലാണ് ഭൂമിയുടെ അളവ് കണാക്കാക്കി നൽകിയത്.
എംഎൽഎ കൈവശം വച്ച് അനുഭവിക്കുന്ന പരിധിയിൽ കൂടുതലുള്ള ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറാവണം എന്നാവശ്യപ്പെട്ട് കേരള ഗവർണർക്കും നിയമസഭാ സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ ഭൂരിപക്ഷം എംഎൽഎമാരും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന സത്യവാങ്ങ്മൂലങ്ങൾ പിന്നീട് പരിശോധിക്കുന്നില്ല. വിവരാവകാശ പ്രവർത്തകരായ മനോജ് കേദാരം, കെ.വി. ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.