കോഴിക്കോട്: ജില്ലാ സമ്മേളനങ്ങള്‍ക്കു തുടക്കമായതിനിടെ, വിമത നേതാവ് പി.വി. അന്‍വര്‍ എംഎല്‍എ വീണ്ടും കടുത്ത ആരോപണങ്ങളും വെല്ലുവിളികളും ഉയര്‍ത്തി രംഗത്ത് എത്തിയിരിക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കാര്യമായി പരിക്കേല്‍പ്പിക്കാന്‍ പി.വി. അന്‍വറിനു കഴിഞ്ഞില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം ഉയര്‍ത്തുന്ന വിഷയങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക.
തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അജിത് കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ലെന്നും പിണറായിയെയും പി. ശശിയെയും വെല്ലുവിളിക്കുന്നുവെന്നുമാണ് കഴിഞ്ഞദിവസം പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞത്. അജിത്കുമാറിനെ ഡിജിപിയാക്കാതിരിക്കാനുള്ള എന്തോ വലിയ തെളിവുകള്‍ അന്‍വറിന്റെ കൈയിലുണ്ടെന്നാണ് സൂചന.
ഇതുവരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎം ഗൗനിക്കാത്തതിന്റെ കടുത്ത വാശിയില്‍ അടുത്തിടെയുണ്ടായ ഒട്ടേറെ വിഷയങ്ങളില്‍ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ് പി.വി. അന്‍വർ.സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അന്‍വര്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്.
അജിത് കുമാറിനെ തൊടാന്‍ പിണറായി വിജയനു സാധിക്കില്ലെന്നും അജിത് കുമാര്‍ മുഖ്യമന്ത്രിയെയും കൊണ്ടേപോകുകയുള്ളൂവെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ കരാളഹസ്തങ്ങളില്‍ കേരളത്തിന്റെ അഭ്യന്തരവകുപ്പ് ഒതുങ്ങി. ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്നത് ഇവിടെ സിപിഎം നേതാക്കള്‍ പറയുന്നു. അജിത് കുമാര്‍ വിഷയത്തില്‍ ഉള്‍പ്പടെ കെ.ടി. ജലീല്‍ കുറേ വീമ്പ് ഇറക്കിയിരുന്നു. എവിടെ പോയി കെ.ടി. ജലീലെന്ന് ചോദിച്ച അന്‍വര്‍ ഇത്ര സംഭവങ്ങള്‍ ഉണ്ടായിട്ടും ജലീലിന് മറുപടി ഇല്ലെന്നും ആരോപിച്ചു.
അജിത് കുമാര്‍ വിഷയത്തില്‍ താന്‍ പറഞ്ഞതു ശരിയാണെന്നു പറഞ്ഞ നേതാവായിരുന്നു വയനാട് ജില്ലാ സെക്രട്ടറി ആയിരുന്ന പി.ഗഗാറിൻ. പിണറായിക്കെതിരേ ചെറുവിരല്‍ അനക്കിയാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. അതാണ് വയനാട് കണ്ടത്. അപശബ്ദങ്ങളെ മുഴുവന്‍ പിണറായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ രക്തസാക്ഷിയാണ് ഗഗാറിൻ.
അരീക്കോട് എസ്ഒജി ക്യാമ്പിലെ കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയിലും അന്‍വര്‍ പ്രതികരിച്ചു. എല്ലാ ആരോപണങ്ങളും എത്തുന്നത് അജിത് കുമാറിലാണ്. പോലീസ് മേഖലയെ ഈ വിധത്തില്‍ എത്തിച്ചതിനു പിന്നില്‍ അജിത് കുമാറാണ്. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് പി. ശശിയാണ്. രാഷ്ട്രീയപരമായ ഒരു നീക്കം ഉണ്ടാകുമെന്നും ആരും പ്രതീക്ഷിക്കാത്ത ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും ഈ നാട്ടില്‍ നിയമവ്യവസ്ഥ ഉണ്ടോ എന്ന് കാണിച്ചുകൊടുക്കുമെന്നും പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞു.