കോഴിക്കോട്: പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്കിനു ആരോഗ്യവകുപ്പിന്റെ അനുമതിയില്ലെന്നു വ്യക്തമായി. ആരോഗ്യ വകുപ്പ് പാർക്കിന് എൻഒസി നൽകിയിട്ടില്ലെന്ന് കാണിച്ച് കോഴിക്കോട് ഡിഎംഒ റിപ്പോർട്ട് നൽകി.പാർക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തേ കോഴിക്കോട് ഡിഎംഒയോട് വിശദീകരണം തേടിയിരുന്നു. നാല് സർട്ടിഫിക്കറ്റുകളാണ് പാർക്ക് അനുമതിക്കായി വേണ്ടിയിരുന്നത്.
ഇതിൽ പ്ലാന്റേ ഷൻസർട്ടിഫിക്കറ്റ് മാത്രമാണ് (പാർക്ക് സ്ഥാപിക്കുന്നതിനുള്ള) ഹാജരാക്കിയിരുന്നത്. പ്രവർത്തനാനുമതി നൽകിയിരുന്നില്ല. ഇതോടെ പാർക്ക് ഇത്രനാളും എങ്ങിനെ പ്രവർത്തിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. ഡിഎംഒയുടെ വിശദീകരണം കൂടി പരിശോധിച്ചമശഷമായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.
പാർക്കിലെ ന്യൂനതകൾ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പാർക്കിൻറെ അനുമതി റദ്ദാക്കിയതിനെതിരെ അൻവർ നൽകിയ ഹർജിയിലാണ് ബോർഡ് നടപടി. തുടർന്നാണ് ഹൈക്കോടതി ആരോഗ്യ വകുപ്പിനോട് വിശദീകരണം തേടിയത്. എംഎൽഎയുടെ പാർക്ക് അപകട സാധ്യതയുള്ളതായി ദുരന്ത നിവാരണ അഥോറിറ്റി കണ്ടെത്തിയിരുന്നു.
എന്നാൽ പാർക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി അനുമതി വേണമോയെന്ന് തീരുമാനിക്കേണ്ടത് പഞ്ചായത്താണെന്നും കളക്ടർ വിശദീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് ആരോഗ്യവകുപ്പ് പാർക്കിന് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമായത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ അതീവ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ്
പി.വി അൻവറിനന്റെ പാർക്ക് സ്ഥിതി ചെയ്യുന്ന കൂടരഞ്ഞി വില്ലേജും കക്കാടംപൊയിൽ പ്രദേശവും ഉൾപ്പെടുന്നതെന്നാണ് വിശദീകരണം. ബോർഡ് ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിച്ചെന്നു പാർക്ക് അധികൃതർ ബോധിപ്പിച്ച ഹർജിയെ തുടർന്ന് പാർക്ക് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.
മാലിന്യനിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പാർക്കിൻറെ അനുമതി റദ്ദാക്കിയത്.
മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് പ്രകാരം പാർക്കിൽ ചില ന്യൂനതകളുണ്ടെന്നും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് പാർക്കിനു നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് പാർക്ക് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ വാദം കേൾക്കാതെയാണ് നടപടികളെല്ലാം ഉണ്ടായതെന്ന് പാർക്ക് അധികൃതർ വാദിച്ചു. തുടർന്നാണ് കോടതി തൽസ്ഥിതി തുടരാൻ നിർദേശം നൽകിയത്. ഇതിനിടയിലാണ് പുതിയ റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുന്നത്.